തിരുവനന്തപുരം: സ്വന്തം വീട് ലക്ഷ്യമിട്ട് പ്രക്ഷോഭവുമായി വന്നാൽ കസ്റ്റഡിയിലെടുക്കുമെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിലൂടെ വിരട്ടി കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപൻ. തനിക്ക് യാതൊരു ഭയവുമില്ലെന്നും ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുകൊള്ളാനും എസ്ഐ വെല്ലുവിളിക്കുന്നുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ എസ്ഐ ഗോകുൽ ഗോപൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ റിപ്പോർട്ടർ ചാനലിന് ലഭ്യമായി.
ആഭ്യന്തര മന്ത്രി ഇടപെട്ടതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ തൽക്കാലം നിർത്തിവെച്ചിരിക്കുന്നതെന്ന് ശബ്ദരേഖയിൽ പറയുന്നു. മര്യാദയ്ക്ക് നിന്നാൽ മര്യാദ; ഇപ്പോൾ നിങ്ങൾ ഒരു മാർച്ച് നടത്തിയാൽ പോലീസ് നേരിട്ട് പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറും. നീ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് കൃത്യമായ ബോധ്യമുണ്ട്. നിരീക്ഷണത്തിനായി പേട്ടയിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഗോകുൽ ഗോപൻ ഭീഷണി മുഴക്കി. നിങ്ങൾ കേരള പോലീസിന്റെ ഭാഗമല്ലേ, ഇത്തരത്തിലാണോ സംസാരിക്കേണ്ടത് എന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി തിരിച്ചുചോദിക്കുന്നതും കേൾക്കാം. ഈ ഫോൺ സംഭാഷണം പരസ്യമായതിന് പിന്നാലെ സിറ്റി പോലീസ് കമ്മീഷണർ എസ്ഐയെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം ആരാഞ്ഞു. എഡിജിപിയും സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ, വിദ്യാർത്ഥികളെ എസ്ഐ ഗോകുൽ ഗോപൻ അതിക്രൂരമായി തല്ലിച്ചതച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ എസ്എഫ്ഐ ഔദ്യോഗികമായി പരാതി നൽകുകയും ഗോകുൽ ഗോപനെ ലക്ഷ്യമിട്ട് സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.





