പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാമത്തെ ബലാത്സംഗക്കേസ് വിചാരണാ നടപടികൾക്കായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിചാരണ നടത്താനുള്ള അധികാരം സെഷൻസ് കോടതികൾക്കായതിനാലാണ് കേസ് അങ്ങോട്ടേക്ക് മാറ്റിയത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ കുറ്റപത്രം തിരുവല്ല കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 30-ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കേസ് ഫയലുകൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് കൈമാറിയത്. വിചാരണ എവിടെ നടത്തണമെന്നതിൽ ഇനി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ജില്ലാ സെഷൻസ് കോടതിയാണ്.
2026 മെയ് മാസത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡനക്കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നൽകിയത്. വിദേശത്ത് സ്ഥിരതാമസമാക്കിയ 31 വയസ്സുള്ള മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജനുവരി 10-ന് ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ വെച്ച് രഹസ്യ നീക്കത്തിലൂടെ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനുമുമ്പും രണ്ട് ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഈ മൂന്നാം കേസിലാണ് പോലീസ് തന്ത്രപരമായി വലയിലാക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. ബലാത്സംഗം, മാനസികവും ശാരീരികവുമായ പീഡനം എന്നിവയ്ക്ക് പുറമെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, തനിക്കെതിരെയുള്ളത് ബലാത്സംഗക്കുറ്റമല്ലെന്നും പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്ന വാദം.





