തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐഎഎസ് സംഘവും ചേർന്ന് അട്ടിമറിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സിറാജ് ഡയറക്ടറും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. സൈഫുദ്ദീൻ ഹാജി. യുഡിഎഫ് മുന്നണിയെയോ മറ്റ് മന്ത്രിമാരെയോ പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണമല്ലിതെന്നും, മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ അട്ടിമറി നടന്നതെന്ന തികഞ്ഞ ബോധ്യത്തോടെയാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി നിർത്തി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ടാണ് ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി കേസ് അട്ടിമറിക്കാനുള്ള നീചമായ നീക്കങ്ങൾ നടത്തിയതെന്ന് സൈഫുദ്ദീൻ ഹാജി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിസ്സഹായാവസ്ഥയിലാണെന്നും 'തനിക്ക് എന്ത് ചെയ്യാൻ സാധിക്കും, കാര്യങ്ങൾ തന്റെ കൈയിൽ നിന്നും പോയി' എന്ന് അദ്ദേഹം തുറന്നുപറഞ്ഞതായും സൈഫുദ്ദീൻ ഹാജി വെളിപ്പെടുത്തി. ഒരു ജനാധിപത്യ ഭരണകൂടം നൽകേണ്ട പ്രാഥമിക നീതിയുടെ നഗ്നമായ ലംഘനമാണ് ഇവിടെ അരങ്ങേറിയത്. എന്നാൽ ഇതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ഇത്രയും നാളുകളായിട്ടും വിചാരണ പോലും നടക്കാത്തവിധം കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് നാൾവഴികൾ നിരത്തി സൈഫുദ്ദീൻ ഹാജി വിശദീകരിച്ചു. കോടതിപ്പടികൾ കയറാൻ പ്രതിഭാഗം അഭിഭാഷകന് ശാരീരികമായ അസൗകര്യമുണ്ടെന്ന് വാദിച്ച്, ഒന്നാം നിലയിലെ കോടതിയിൽ നടക്കേണ്ട വിചാരണ താഴത്തെ നിലയിലേക്ക് മാറ്റാൻ നൽകിയ അപേക്ഷ കോടതി അനുവദിച്ചു. അങ്ങനെയാണ് കേസ് നാലാം കോടതിയിലേക്ക് മാറ്റിയത്. എന്നാൽ താഴത്തെ നിലയിലെ കോടതിയിൽ പ്രസ്തുത അഭിഭാഷകൻ നേരിട്ട് എത്തുന്നതിന് പകരം ഓൺലൈനായാണ് ഹാജരായത്. ഓൺലൈൻ വഴിയാണ് ഹാജരാകുന്നതെങ്കിൽ പിന്നെ ഒന്നാം നിലയിൽ വിചാരണ നടത്തുന്നതിന് എന്ത് തടസ്സമാണുണ്ടായിരുന്നതെന്ന് സൈഫുദ്ദീൻ ഹാജി ആരാഞ്ഞു. കേസിന്റെ നടപടികൾ മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് കോടതി മാറ്റം ആവശ്യപ്പെട്ടതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കേസ് നാലാം കോടതിയിലേക്ക് മാറ്റിയപ്പോൾ പരിചയസമ്പന്നനായ പ്രോസിക്യൂട്ടറെ മാറ്റി പകരം ഇത്തരം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്ത് മുൻപരിചയമില്ലാത്തയാളെ നിയോഗിച്ച നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.
ഇത്തരം അട്ടിമറി നീക്കങ്ങൾ തടയാൻ പ്രാപ്തനായ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ജസീല ആഭ്യന്തര മന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായുള്ള ഔദ്യോഗിക ഉത്തരവിറക്കാൻ സമയം വേണമെന്നുമായിരുന്നു കോടതിയിൽ സർക്കാർ അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരവിറക്കാൻ ഹൈക്കോടതി സർക്കാരിന് ഒരു മാസത്തെ സാവകാശം നൽകുകയും, അതുവരെ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ വിചാരണ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ കോടതിക്ക് നൽകിയ ആ ഉറപ്പ് സർക്കാർ പിന്നീട് ബോധപൂർവ്വം അട്ടിമറിക്കുകയാണുണ്ടായത്.
ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തികച്ചും അനുകൂലമായ നിലപാടാണ് കൈക്കൊണ്ടതെന്നും സൈഫുദ്ദീൻ വ്യക്തമാക്കി. തങ്ങളുടെ സാന്നിധ്യത്തിൽ വെച്ചുതന്നെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിട്ട് ഫോണിൽ വിളിച്ച്, പരാതിക്കാർ കാണാൻ വരുമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആഭ്യന്തര വകുപ്പിൽ ഫയലുകൾ അതിവേഗം നീങ്ങി. എന്നാൽ ഉത്തരവിറങ്ങുമെന്ന് കരുതിയ ദിവസം മന്ത്രിയുടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ പ്രസ്തുത ഫയൽ അവിടെ എത്തിയിരുന്നില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം ആ ഫയൽ ആഭ്യന്തര മന്ത്രിയുടെ പരിഗണനയ്ക്ക് എത്താതെ വഴിതിരിച്ചുവിടുകയായിരുന്നു. ചീഫ് സെക്രട്ടറി ഈ ഫയലിൽ പ്രത്യേക താല്പര്യം കാണിക്കുകയും പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് എതിരായി നോട്ട് എഴുതിച്ചേർക്കുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ പൂർണ്ണ അറിവോടെയും സമ്മതത്തോടെയുമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സൈഫുദ്ദീൻ ഹാജി ആരോപിച്ചു. ആഭ്യന്തര മന്ത്രിയെ നിഴലിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ടിറങ്ങിയാണ് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാൻ ഇത്തരമൊരു നികൃഷ്ടമായ പ്രവൃത്തി ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു.





