പാലക്കാട്: യുഡിഎഫ് ഭരണസംവിധാനം പൂർണ്ണമായി താളംതെറ്റിയ നിലയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുന്നണി കൺവീനർ തന്നെ പരസ്യമായി പരാതിയുമായി രംഗത്തെത്തുന്ന ദുരവസ്ഥയാണിപ്പോൾ. കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും അടൂർ പ്രകാശിന്റെ നിലപാടിനൊപ്പമാണെന്നും വളരെ ചെറിയൊരു സംഘം മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാർട്ടിയിൽ വലിയ ചേരിതിരിവ് ഉടലെടുത്തുകഴിഞ്ഞു. ഭരണകാര്യങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് മുന്നണി നേതാക്കൾ തന്നെ സമ്മതിക്കുമ്പോഴും പല തീരുമാനങ്ങളും വേഗത്തിൽ നടപ്പാകുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ കൂടിയാലോചനകൾ ആരുമായാണ് നടക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. ഓരോ സംഭവങ്ങളും വിലയിരുത്തുമ്പോൾ മുഖ്യമന്ത്രി ബിജെപിയുടെ താല്പര്യങ്ങൾക്ക് അനുകൂലമായാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ യുഡിഎഫ് സർക്കാർ ആർഎസ്എസ്-ബിജെപി പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. ആർഎസ്എസ് സ്പോൺസർ ചെയ്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറി. അവർ നിശ്ചയിക്കുന്ന പരിധിക്കപ്പുറത്തേക്ക് നീങ്ങാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. കോൺഗ്രസിലോ യുഡിഎഫിലോ ചർച്ച ചെയ്യാത്ത കാര്യങ്ങൾ പോലും ആർഎസ്എസുമായും ബിജെപിയുമായും മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച-ആർഎസ്എസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവങ്ങൾ ഇതിന് തെളിവാണ്. ഒരേ സ്റ്റേഷൻ പരിധിയിൽ ഒരേ സമയത്തുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ആർഎസ്എസുകാർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചപ്പോൾ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇരട്ടനീതി ജനങ്ങൾ കാണുന്നുണ്ടെന്ന യാഥാർത്ഥ്യം ആഭ്യന്തര വകുപ്പ് കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിച്ചറിയണം. ആർഎസ്എസിന് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയ മുഖ്യമന്ത്രി ഒരുവശത്തുള്ളപ്പോൾ, സംഘപരിവാറിന് മുന്നിൽ കീഴടങ്ങുക മാത്രമല്ല മുസ്ലിം ലീഗ് ഇഴയുക കൂടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ വാഹനം തടഞ്ഞപ്പോൾ മന്ത്രി കെ.എം. ഷാജി ആദ്യം ഓട്ടോറിക്ഷയിലും പിന്നീട് കാൽനടയായുമാണ് സഞ്ചരിച്ചത്. തനിക്ക് പരാതിയില്ലെന്നും അസമയത്ത് യാത്ര ചെയ്തത് തന്റെ പിഴവാണെന്നുമുള്ള മന്ത്രിയുടെ പ്രതികരണം ലജ്ജാകരമാണ്. പൊതുപ്രവർത്തകരും മന്ത്രിമാരും എന്ത് സമയത്തും കൃത്യനിർവ്വഹണം നടത്തേണ്ടവരല്ലേ എന്ന് ചോദിച്ച എം.വി. ഗോവിന്ദൻ, അക്രമം നേരിട്ടിട്ടും പരാതിയില്ലെന്ന് പറയുന്നത് സംഘപരിവാറിന് മുന്നിലെ അടിയറവുപറയലാണെന്നും കുട്ടികളുടെ തലയ്ക്കടിക്കുന്ന ആളാണ് മന്ത്രി ഒ.ജെ. ജനീഷെന്നും പരിഹസിച്ചു.
കരുവന്നൂർ കേസിലെ പ്രതികളെ ഇ.ഡി ഉദ്യോഗസ്ഥർ ജയിലിൽ ചെന്ന് കണ്ടത് സിപിഐഎം നേതാക്കൾക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കാനായിരുന്നു. മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം നൽകി വാങ്ങിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സിപിഐഎം നേതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം, വ്യവസായി ശശിധരൻ കർത്തായിൽ നിന്ന് പണം വാങ്ങിയെന്ന് രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും തുറന്നുസമ്മതിച്ചിട്ടും അവർക്കെതിരെ യാതൊരുവിധ അന്വേഷണവും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനെ കള്ളക്കേസിൽ കുടുക്കാനാണ് ഇ.ഡി ലക്ഷ്യമിട്ടത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സേവനം ലഭിച്ചിട്ടുണ്ടെന്ന് ശശിധരൻ കർത്ത തന്നെ വ്യക്തമാക്കിയതോടെ ആ കേസ് നിലനിൽക്കില്ലെന്ന് ഇ.ഡിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് ഹവാല പണമിടപാട് ആരോപണവുമായി റിയാസിനെതിരെ തിരിഞ്ഞത്. റിയാസ് 85 ലക്ഷം രൂപ ഗൾഫിലേക്ക് കടത്തിയെന്ന് ഇ.ഡി ആരോപിക്കുന്ന കാലഘട്ടത്തിൽ വീണയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം പോലും നടന്നിരുന്നില്ല. റിയാസിനെതിരായ നീക്കത്തിന്റെ ഭാഗമായി സുഹൃത്തുക്കളുടെ വസതികളിൽ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഹവാല മൊഴികൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അതും പൊളിഞ്ഞു. പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് മാത്രമാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.





