തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായവരെ ഒരുമിച്ചുകൂട്ടി വിപുലമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ സിപിഐഎം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വരുന്ന ഒക്ടോബർ 14, 15 തീയതികളിൽ തിരുവനന്തപുരത്തും കോഴിക്കോടുമായി ദേശീയ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനമായി. മുൻ ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്ത, റിട്ട. ജസ്റ്റിസ് കെ. ചന്ദ്രു എന്നിവരും സെമിനാറുകളിൽ അണിനിരക്കും. പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി അന്വേഷണ നീക്കങ്ങൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഈ നിർണ്ണായക രാഷ്ട്രീയ പ്രതിരോധം.
മുന്നണിയിലെ ഘടകകക്ഷികളെയും പരിപാടിയുടെ ഭാഗമാക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സിപിഐക്കും സെമിനാറിലേക്ക് ക്ഷണം ലഭിച്ചേക്കും. എന്നാൽ, ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും പിണറായി വിജയന് അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് എന്നത് ശ്രദ്ധേയമാണ്.
ഈ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന വിലയിരുത്തലിലേക്ക് ഇപ്പോൾത്തന്നെ എത്തേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടേറിയറ്റിന്റെ തീരുമാനം. അന്വേഷണ നടപടികൾ പുരോഗമിച്ച ശേഷം മാത്രം തുടർനിലപാടുകൾ രൂപീകരിച്ചാൽ മതിയെന്ന് പാർട്ടിയിൽ ധാരണയായിട്ടുണ്ട്. മാത്രമല്ല, സംസ്ഥാന സർക്കാരിനെതിരെ സ്വതന്ത്രമായി പ്രക്ഷോഭരംഗത്തിറങ്ങാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 14-ന് നിയമസഭയിലേക്ക് മാർച്ച് നടത്താനാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.





