തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത സംഭവത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഒരു സ്വകാര്യ വാഹനത്തിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ദേശീയപതാകയും 'കേരള സ്റ്റേറ്റ്' ബോർഡും പ്രദർശിപ്പിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഇത് കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെയും മോട്ടോർ വാഹന ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകളും ലോഗ് ബുക്കുകളും സമഗ്രമായി പരിശോധിക്കണമെന്നും, KL-78-A-0009 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം മോട്ടോർ വാഹന വകുപ്പ് നേരിട്ട് വിളിച്ചുവരുത്തി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡിവൈഎഫ്ഐ നേതാവ് സരീഷ് പൂമരമാണ് ഈ വിഷയത്തിൽ രേഖാമൂലം പരാതി സമർപ്പിച്ചത്.
ഔദ്യോഗിക പദവിയുടെ ബോർഡ് പ്രദർശിപ്പിച്ച് മന്ത്രി കെ.എം. ഷാജി ആഡംബര കാറിൽ സഞ്ചരിച്ചത് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്വന്തം സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറിലാണ് 13-ാം നമ്പർ പ്ലേറ്റും ഔദ്യോഗിക മുദ്രയും പതിപ്പിച്ച് മന്ത്രി യാത്ര ചെയ്തത്. വിഷയം പൊതുശ്രദ്ധ നേടുകയും വിവാദമാവുകയും ചെയ്തതോടെ വാഹനം സുഹൃത്തിന് തിരികെ ഏൽപ്പിക്കുകയായിരുന്നു. മുൻപ് കാസർകോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴും കെ.എം. ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.





