കണ്ണൂർ: യൂത്ത് കോൺഗ്രസിനെയും പോലീസിനെയും വഴിയിൽ നേരിടുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്ത്. തലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങൾക്ക് പൂർണ്ണ നേതൃത്വം നൽകിയത് ഒ.ജെ. ജനീഷും ഷാഫിയുമാണെന്ന് എം. വിജിൻ കുറ്റപ്പെടുത്തി. ജനീഷിന് തന്ത വൈബല്ല, സംഘി വൈബാണുള്ളത്. മർദ്ദനമുറകളുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ ഡിവൈഎഫ്ഐ തെരുവിൽ നേരിടുക തന്നെ ചെയ്യും. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായാൽ അവർക്ക് കവചമായി ഡിവൈഎഫ്ഐ മുൻപിലുണ്ടാകും. അക്രമങ്ങൾക്ക് തുടക്കമിട്ടത് യൂത്ത് കോൺഗ്രസുകാരാണെന്നും വിജിൻ വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ അരങ്ങേറിയ സംഭവങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ചിന്താ ജെറോം ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തുനിന്നും വിദ്യാർത്ഥികൾക്ക് നേരെ കടുത്ത അതിക്രമമാണ് ഉണ്ടായത്. വിദ്യാർത്ഥികളുടെ തല ലാത്തിയടിച്ച് തല്ലിപ്പൊളിച്ചു. ആരാണ് യഥാർത്ഥത്തിൽ പ്രകോപനമുണ്ടാക്കിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വിജയൻ ഐപിഎസ് തുറന്നുപറയുന്നുണ്ട്. ഇവിടെ ഇരകളാക്കപ്പെട്ടത് എസ്എഫ്ഐ വിദ്യാർത്ഥികളാണ്. ഈ പ്രശ്നത്തെ ഡിവൈഎഫ്ഐ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മേഖലാ തലങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ പോലീസും യൂത്ത് കോൺഗ്രസും ഒരുമിച്ച് കൈകോർക്കുകയാണ് ചെയ്തത്.
ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ഡിവൈഎഫ്ഐ ശക്തമായി രംഗത്തിറങ്ങും. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ കാഴ്ചവെച്ച വൻ മുന്നേറ്റത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസും യൂത്ത് കോൺഗ്രസും പരിഭ്രാന്തിയിലാണ്. ആ വിജയത്തിൽ അസ്വസ്ഥപ്പെട്ടിട്ട് എന്ത് കാര്യമാണുള്ളത്? കലാലയങ്ങളിൽ എസ്എഫ്ഐ നേടിയ തേരോട്ടം കണ്ട് കോൺഗ്രസിന്റെ യുവജന സംഘടന ഭയപ്പെട്ടിരിക്കുകയാണ്. പുതിയ തലമുറ എസ്എഫ്ഐക്കൊപ്പമാണെന്ന് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിന് വലിയ പിന്തുണ ലഭിക്കുന്ന കാലഘട്ടങ്ങളിൽ കായികമായി നേരിടുകയെന്നത് പണ്ടുമുതലേ കോൺഗ്രസ് സ്വീകരിക്കുന്ന സ്ഥിരം ശൈലിയാണ്.
പ്രതിഷേധത്തിനിടെ പോലീസും യൂത്ത് കോൺഗ്രസിന്റെ പാതയിലാണ് സഞ്ചരിച്ചത്. വഴിയിൽ വെച്ച് എസ്എഫ്ഐയെ ആക്രമിക്കാനാണ് നീക്കമെങ്കിൽ അവർക്ക് വഴിയിൽത്തന്നെ ഡിവൈഎഫ്ഐ സുരക്ഷയൊരുക്കും. ബിജെപിക്കെതിരെ സമരം നയിക്കാനുള്ള ആർജ്ജവം യൂത്ത് കോൺഗ്രസിനില്ല. ബിജെപിക്കെതിരെ നേരിട്ട് സമരം ചെയ്യാൻ കഴിയാത്തതിനാലാണ് അതിനെ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും നേരെ തിരിച്ചുവിടാൻ നോക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പൂർണ്ണമായും സംഘി ചിന്താഗതിയിലേക്ക് മാറി. ഇന്നലത്തെ പ്രതിഷേധത്തിൽ ഒ.ജെ. ജനീഷ് എത്തിയത് മന്ത്രിയെന്ന നിലയിലാണോ അതോ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടാണോ? ഓരോ സന്ദർഭത്തിലും ഓരോ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. ഗ്യാനേഷ് കുമാർ വിഷയം വഴിതിരിച്ചുവിടേണ്ടത് ബിജെപിയുടെയും യുവമോർച്ചയുടെയും ആവശ്യമായിരുന്നു. വിഷയം വഴിമാറ്റിവിടാനുള്ള ആ നീക്കമാണ് ഇന്നലെ യൂത്ത് കോൺഗ്രസ് നടപ്പിലാക്കിയതെന്നും ചിന്താ ജെറോം ആരോപിച്ചു.





