തിരുവനന്തപുരം: വർക്കലയിൽ അച്ഛന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് മകനെ അതിക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ശിവഗിരി തൊടുവേ സ്വദേശിയായ രാഹുൽ (25) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. പിതാവിനൊപ്പം മീൻപിടുത്തം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം പിതാവിന്റെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചതോടെ രാഹുലിന്റെ അച്ഛനും യാത്രികരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ തർക്കത്തിനിടയിലാണ് രണ്ടുപേരടങ്ങുന്ന സംഘം രാഹുലിനെ ആക്രമിച്ചത്.
തുടർന്ന് അക്രമികൾ ഫോൺ ചെയ്ത് വരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലിലേക്ക് മനഃപൂർവ്വം ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വടികൊണ്ട് രാഹുലിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.





