ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ഗുരുതര പരാതി. കുഞ്ഞിന്റെ കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാർമസിയിൽ നിന്ന് ഈ മരുന്ന് ലഭിച്ചത്. ഇടുക്കി ഭൂമിയാംകുളം സ്വദേശിയായ സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ഉപയോഗശൂന്യമായ ഓയിന്റ്‌മെന്റ് വിതരണം ചെയ്തത്. കുട്ടിക്ക് മരുന്ന് പുരട്ടുന്നതിന് മുൻപായി തന്നെ എക്സ്പെയറി തീയതി ശ്രദ്ധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് രക്ഷിതാക്കൾ വ്യക്തമാക്കുന്നത്.
2024 ജൂണിൽ നിർമ്മിച്ചതും രണ്ടു വർഷത്തെ കാലാവധിയുണ്ടായിരുന്നതുമായ ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി സമർപ്പിച്ചു. പരാതി ഉയർന്നതിന് പിന്നാലെ ഫാർമസി ജീവനക്കാരിൽ നിന്ന് സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ. ജലദോഷവും കഴുത്തിലെ അലർജിയും ബാധിച്ചതിനെത്തുടർന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജ് ഒപിയിൽ എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ ഭയപ്പെടേണ്ടതില്ലെന്നും ഒരു ഓയിന്റ്‌മെന്റ് പുരട്ടിയാൽ മതിയെന്നും വ്യക്തമാക്കിക്കൊണ്ട് മരുന്ന് കുറിച്ചു നൽകുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസി കൗണ്ടറിലെത്തിയ സോബിന് അവിടെ നിന്നാണ് മരുന്ന് എടുത്തുനൽകിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുൻപ് തന്നെ കാലാവധി അവസാനിച്ച മരുന്നാണ് കൈമാറിയതെന്ന് മനസ്സിലായത്.
കാലാവധി പൂർത്തിയായ മരുന്നുകൾ ഇടുക്കി മെഡിക്കൽ കോളേജിന്റെ ഫാർമസിയിൽ എങ്ങനെ സൂക്ഷിക്കപ്പെട്ടു എന്ന ചോദ്യമാണ് ഇതോടെ ശക്തമായി ഉയരുന്നത്. പരാതിയുമായി ഫാർമസിയിലെത്തിയപ്പോൾ അങ്ങനെയൊരു മരുന്ന് തങ്ങളുടെ പക്കൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. എന്നാൽ, ഇല്ലെന്ന് വാദിക്കുന്ന ഈ മരുന്ന് വിതരണം ചെയ്തതായി വ്യക്തമാക്കുന്ന ടിക്ക് മാർക്ക് ഡോക്ടറുടെ കുറിപ്പടിയിലുണ്ട്. കൂടാതെ, സംസ്ഥാന സർക്കാർ സർക്കാർ ആശുപത്രികളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഒയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.





