തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ബേക്കറി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഡിസിസി ഓഫീസിന്റെ പ്രധാന കവാടത്തിലെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ് കണ്ടെത്തിയത്. രാത്രിയിലോ അതിപുലർച്ചെയോ ആകാം ഈ അക്രമം അരങ്ങേറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയതിനെത്തുടർന്ന് ഇരുപാർട്ടികളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ അതിക്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും യുവമോർച്ചയുമാണ് ഓഫീസിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് നേതാക്കളുടെ പരാതി. ഡിസിസി ഓഫീസ് ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, മന്ത്രിമാർ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അക്രമം നടന്ന സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ ബിജെപി കോൺഗ്രസിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ കുറ്റപ്പെടുത്തി. ഇന്നലെ രാത്രി നടന്ന സംഭവം ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. നെയ്യാറ്റിൻകരയിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ബിജെപി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, കോൺഗ്രസ്-ബിജെപി പ്രവർത്തകർ പരസ്പരം സംയമനം പാലിക്കണമെന്നും റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലർച്ചെ തീവെപ്പുണ്ടായി. ആക്രമണത്തിൽ ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങളും പ്രചാരണ ഫ്ലക്സ് ബോർഡുകളും കത്തിയമർന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടു. രാത്രി പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ലക്സ് ബോർഡുകളിൽ ഒഴിച്ച് തീയിടുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ചിത്രങ്ങളടങ്ങിയ ബോർഡുകൾ പൂർണ്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു.





