മലപ്പുറം: കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കേറ്റ് കമ്മീഷനെ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന് കോടതി നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികളിൽ മറുപടി ആവശ്യപ്പെട്ടാണ് ഉത്തരവ്. ഏഴ് ദിവസത്തിനകം വിശദീകരണം ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് ഉത്തരവിട്ടത്.
സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കമാണ് നജീബ് കാന്തപുരം എംഎൽഎ നേരിട്ടെത്തി തടഞ്ഞത്. പെരിന്തൽമണ്ണയിലെ വേങ്ങൂരിലായിരുന്നു ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുടുംബനാഥന്റെ ചികിത്സാ ആവശ്യങ്ങൾക്കായി 2022-ൽ മേലാറ്റൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും വീടും സ്ഥലവും പണയപ്പെടുത്തി ഈ കുടുംബം അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ ഒരു ലക്ഷത്തോളം രൂപ തിരികെ അടയ്ക്കുകയും ചെയ്തു. എന്നാൽ ഗൃഹനാഥന്റെ അപ്രതീക്ഷിത വിയോഗത്തോടെ തിരിച്ചടവ് പ്രതിസന്ധിയിലാവുകയും മുടങ്ങുകയുമായിരുന്നു.
തുടർന്ന് ബാങ്ക് പ്രതിനിധികളും പോലീസും ഉൾപ്പെടുന്ന സംഘം ജപ്തി നടപടികൾ പൂർത്തിയാക്കാനായി വീട്ടിലെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നജീബ് കാന്തപുരം കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥരെ ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ഉദ്യോഗസ്ഥരുമായി രൂക്ഷമായ തർക്കത്തിലേക്ക് നീങ്ങുകയും ഒടുവിൽ ജപ്തി പൂർത്തിയാക്കാനാവാതെ സംഘത്തിന് മടങ്ങേണ്ടി വരികയുമായിരുന്നു.





