തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ പോലീസ് പിടിയിലായി. ബിജെപി പ്രവർത്തകനായ സുരേഷ് കുമാറിനെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു പാർട്ടി ഓഫീസിന് നേരെ തീവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ വെച്ച് മന്ത്രി ഒ.ജെ. ജനീഷിന് നേരെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടയുകയും ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും നടക്കുകയും ചെയ്തിരുന്നു. ഈ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അഗ്നിക്കിരയാക്കൽ ശ്രമമുണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിലുള്ള പ്രതികാരമായി സംസ്ഥാനത്ത് മന്ത്രിമാർക്കെതിരെ യുവമോർച്ച നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾ രാപ്പകലില്ലാതെ തുടരുകയാണ്. കരിങ്കൊടി സമരങ്ങളുടെ പേരിൽ കോൺഗ്രസ്–ബിജെപി പോര് തെരുവിലേക്ക് വ്യാപിക്കുന്നതിനിടെയാണ് ആനാവൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. നേതൃത്വത്തിന്റെ അറിവോടും പ്രേരണയോടും കൂടിയാണ് ബിജെപി പ്രവർത്തകർ ഓഫീസ് ആക്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു. യുവമോർച്ച കരിങ്കൊടി പ്രതിഷേധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് അധിക സുരക്ഷ ഏർപ്പെടുത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഡിസിപിയോട് മുഖ്യമന്ത്രി കയർക്കുകയും ചെയ്തു.





