കൊച്ചി: ഫോർട്ട് കൊച്ചിയിലെ ജൂത പൈതൃകത്തിന്റെ പ്രതീകങ്ങളിലൊന്നായ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം. അപകടത്തിൽ പുരാതന കെട്ടിടം പൂർണ്ണമായും അഗ്നിക്കിരയായി. ഇന്ന് വൈകുന്നേരം ഏഴേകാലോടെയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് തീയും കനത്ത പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ കഠിനപ്രയത്നം നടത്തിയാണ് തീയണച്ചത്. ഏതാണ്ട് ഇരുനൂറോളം വർഷത്തെ പഴക്കമുള്ള കെട്ടിടമാണിത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
1808-ൽ പ്രമുഖനായ ജൂത വ്യവസായി സാമുവൽ എസ്. കോഡറാണ് കോഡർ ഹൗസ് പണികഴിപ്പിച്ചത്. കോഡർ കുടുംബത്തിന്റെ പരമ്പരാഗത വസതിയായിരുന്നു ഇത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ചരിത്രത്തിലാദ്യമായി വൈദ്യുതി എത്തിച്ച കൊച്ചിൻ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടതും സാമുവൽ കോഡറായിരുന്നു.





