കൊച്ചി: വടക്കൻ പറവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ അടിയന്തര അച്ചടക്ക നടപടി. സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെടുത്തത്. കണ്ടക്ടർ ഉൾപ്പെടെ സഹയാത്രികരായ മൂന്നുപേർക്കെതിരെ നോർത്ത് പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബസ് യാത്രക്കാരുടെ മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. യാത്രക്കാരോട് സൗഹാർദ്ദപരമായും മാന്യമായും പെരുമാറാൻ ഓരോ ജീവനക്കാരനും ബാധ്യസ്ഥനാണ്. യാത്രക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയരുന്ന ഇത്തരം ഗൗരവതരമായ പരാതികൾ സമഗ്രമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടി പരാതിയുമായി എത്തിയത്. വേഷവിധാനം കണ്ട് 'പെണ്ണാണെന്ന് തോന്നുന്നില്ല' എന്ന് പറഞ്ഞ് കൺസഷൻ (സീറോ ടിക്കറ്റ്) നിഷേധിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. മറ്റ് യാത്രികരോടായി 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ചോദിച്ച് തന്നെ പരിഹസിക്കാൻ അവർക്കുകൂടി അവസരമൊരുക്കുകയായിരുന്നുവെന്നും പ്ലസ് ടു വിദ്യാർത്ഥിനി പോലീസിൽ നൽകിയ മൊഴിയിൽ ആരോപിച്ചു. കടുത്ത മാനസികവിഷമവും ലജ്ജയുമുണ്ടാക്കിയ ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത് നീതി ഉറപ്പാക്കണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു.
"കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് എന്നെ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. തുടർന്ന് ടിക്കറ്റിനായി പണം നൽകാൻ ആവശ്യപ്പെടുകയും മറ്റ് യാത്രികരെല്ലാം കേൾക്കെ ഉച്ചത്തിൽ അധിക്ഷേപിക്കുകയും ചെയ്തു. അതിനുശേഷം ക്ഷുഭിതനായി, പെണ്ണാണോ എന്നറിയാൻ വസ്ത്രം അഴിച്ചു നോക്കേണ്ടി വരുമെന്നും അല്ലെങ്കിൽ നെറ്റിയിൽ എഴുതി ഒട്ടിക്കേണ്ടി വരുമെന്നും പറഞ്ഞ് സ്ത്രീത്വത്തെ മനഃപൂർവം അപമാനിക്കുന്ന രീതിയിൽ മോശമായി സംസാരിച്ചു. യാത്രക്കാരോട് 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ചോദിച്ച് മറ്റുള്ളവരെക്കൂടി എന്നെ അധിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. കടുത്ത മാനസിക വേദനയ്ക്കും അപമാനത്തിനുമാണ് ഞാൻ ഇരയായത്", എന്ന് പെൺകുട്ടി പോലീസിന് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു.





