തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം തടഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉത്തരവ് മരവിപ്പിക്കാൻ നേരിട്ട് നിർദ്ദേശം നൽകിയത്. ഉമേഷിനെ സർവീസിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത അമർഷവും പ്രതിഷേധവും അണപൊട്ടിയിരുന്നു. ഞായറാഴ്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അടക്കമുള്ള നേതാക്കൾ ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് ഉമേഷിനെ തിരിച്ചെടുക്കാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
ഉമേഷിന്റെ തിരിച്ചുവരവിനെതിരെ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സോഷ്യൽ മീഡിയയിലൂടെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഉമേഷിനെ തിരിച്ചെടുത്തത് സ്വാഭാവികമായ ഒരു നടപടിയാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഉമേഷ് നിയമത്തിന് മുന്നിൽ കുടുങ്ങുമെന്ന് മുൻകൂട്ടി അറിയാവുന്ന ചിലരാണ് അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള സാഹചര്യമൊരുക്കിയത്. കോഴിക്കോട് ജില്ലയിലെ 13-ൽ 12 സീറ്റുകളിലും യുഡിഎഫിനെ ജനങ്ങൾ വിജയിപ്പിച്ചത് ഇത്തരം ജനാധിപത്യവിരുദ്ധരായ ആളുകളെ വെള്ളപൂശി സംരക്ഷിക്കാനല്ല. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ പലരും ജനപ്രതിനിധികളായി മാറിയപ്പോൾ വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. ചേവായൂർ ബാങ്ക് ആക്രമണക്കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഒരു യോഗം പോലും ചേരാതിരുന്നത് കാക്കിയോടുള്ള പോലീസിന്റെ അന്ധമായ സ്നേഹം മൂലമാണെന്നും നിജേഷ് അരവിന്ദ് കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡിവൈഎസ്പി ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണം പൂർത്തിയായതിനാലാണ് തിരിച്ചെടുക്കൽ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഉമേഷിന്റെ ഔദ്യോഗിക സർവീസ് പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു വിവാദമായ ഈ സർക്കാർ നീക്കം.
2025 നവംബർ 30-നാണ് വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉമേഷിന്റെ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായതിനെ തുടർന്നായിരുന്നു ആ നടപടി. റെയ്ഡിൽ കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി ഉമേഷ് പീഡിപ്പിച്ചെന്നും, സംഭവത്തിൽ ഉൾപ്പെട്ട നാല് യുവാക്കളിൽ നിന്ന് ഇയാൾ കൈക്കൂലി കൈപ്പറ്റിയെന്നുമായിരുന്നു പ്രധാന ആരോപണം. തുടർന്ന്, 2025 ഏപ്രിൽ 15-ന് തന്റെ വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയിരുന്നു.





