ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വി.ഡി. സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അഞ്ചുപേർക്കെതിരെയും നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചിരുന്ന ഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപകരമായ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് പോലീസ് എഫ്ഐആർ ഇട്ടത്. മാസങ്ങൾക്ക് മുൻപ് സമർപ്പിച്ച പരാതിയിൽ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി നേരിട്ട് നടപടിക്ക് ഉത്തരവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരന്തരമായി സൈബർ ആക്രമണം അഴിച്ചുവിട്ടു എന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
സൈബർ ആക്രമണം നടത്താൻ ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങളും ലിങ്കുകളും പരാതിക്കൊപ്പം ജോൺസൺ എബ്രഹാം പോലീസിന് കൈമാറിയിരുന്നു. തുടക്കത്തിൽ സംസ്ഥാന പോലീസ് മേധാവിക്കാണ് അദ്ദേഹം പരാതി സമർപ്പിച്ചിരുന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് നിവേദനം നൽകുകയായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി നൽകിയ കർശന നിർദ്ദേശപ്രകാരം വിഷയം അന്വേഷിക്കുന്നതിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു.





