എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണത്തിന് കാരണം ഗുരുതര ചികിത്സാപ്പിഴവും ജീവനക്കാരുടെ അനാസ്ഥയുമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശി ഗലീൽ ആണ് ഇന്ന് ആശുപത്രി വിടാനിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടത്. യുവാവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ സമയത്ത് വാർഡിൽ ശുശ്രൂഷ നൽകാൻ ഡോക്ടർമാരോ നഴ്സുമാരോ എത്തിയില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി.
അടിയന്തര ഘട്ടത്തിൽ വാർഡിൽ നഴ്സുമാരോ ഡ്യൂട്ടി ഡോക്ടർമാരോ ഉണ്ടായിരുന്നില്ലെന്നും, ജീവൻ രക്ഷിക്കാനായി സിപിആർ നൽകാൻ പോലും ആളില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇത് ചികിത്സാ വീഴ്ചയാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണോ എന്നതിൽ വ്യക്തത വേണം. വിഷയത്തിൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയതിനൊപ്പം കളമശ്ശേരി പോലീസ് സ്റ്റേഷനിലും പരാതി സമർപ്പിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഗലീലിനെ വാർഡിലേക്ക് മാറ്റിയിരുന്നത്. ഇന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദാരുണ അന്ത്യം. സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സെപ്റ്റംബർ 22-ന് മട്ടാഞ്ചേരിയിൽ വെച്ചാണ് യുവാവിന് വാഹനാപകടം സംഭവിച്ചത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. സർജറി കഴിഞ്ഞ് കാലിൽ പ്ലാസ്റ്ററിട്ടിരുന്നു; ഇന്ന് ആശുപത്രി വിടേണ്ടതുമായിരുന്നു. എന്നാൽ ശുചിമുറിയിൽ പോയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ബോധരഹിതനായി വീഴുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത വാർഡിൽത്തന്നെ ഡോക്ടർ ഉണ്ടായിരുന്നുവെന്നും സിപിആർ നൽകിയ ശേഷം രണ്ട് ഡോക്ടർമാർ ചേർന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. എങ്കിലും കാര്യങ്ങളിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കും. അതേസമയം, യുവാവിന്റെ മരണത്തെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരത്ത് ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറി.





