മലപ്പുറം: സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെ ലക്ഷ്യമിട്ട് രൂക്ഷമായ പരോക്ഷ വിമർശനങ്ങളുമായി എംഎൽഎയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസ്. സ്ഥാനമാനങ്ങൾക്കും അധികാരത്തിനും പിന്നാലെ പായുന്നവരല്ല യഥാർത്ഥ പണ്ഡിതന്മാരെന്ന് അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിൽ അംഗത്വം ലഭിച്ചാൽ പാണക്കാട് തങ്ങളെപ്പോലും അധിക്ഷേപിക്കാമെന്ന ചിന്താഗതിയിലാണ് ചിലരെന്നും, പാണക്കാട് തറവാട്ടിലെത്തി ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാർ ഇവിടെയുണ്ടെന്നും ഫിറോസ് തുറന്നടിച്ചു.
മുസ്‌ലിം സമുദായത്തിനുള്ളിൽ അനൈക്യമുണ്ടാക്കുന്നവരെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അവർ എത്ര ഉന്നതരാണെന്ന് പറഞ്ഞാലും ഈ നിലപാടിൽ വിട്ടുവീഴ്ചയില്ല. വർഗീയത പ്രചരിപ്പിക്കുന്ന സമുദായ നേതാക്കളോട് ഒരുവിധ ഒത്തുതീർപ്പുമുണ്ടാകില്ലെന്നും വെറും വേഷഭൂഷാദികൾ കൊണ്ട് ഒരാളും പണ്ഡിതനാകില്ലെന്നും പി.കെ. ഫിറോസ് ഓർമ്മിപ്പിച്ചു. യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമർശനം.
"സമൂഹത്തിലും സമുദായത്തിലും വിള്ളലുണ്ടാക്കാൻ തുനിയുന്നവരുമായി യാതൊരു വിട്ടുവീഴ്ചയുമില്ല, അത് സമുദായ നേതാക്കളാണെങ്കിൽ പോലും. രണ്ടു വിഭാഗം സമുദായ നേതാക്കളാണ് നമുക്ക് മുന്നിലുള്ളത്; അതിലൊന്ന് വർഗീയത ആളിക്കത്തിക്കുന്നവരാണ്. അവരോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവില്ല. ഏത് വലിയ തമ്പുരാനായാലും വർഗീയവാദികളായ നേതാക്കളോട് സമരസപ്പെടില്ലെന്ന് തുറന്നുപറയാനുള്ള കടമ യൂത്ത് ലീഗിനുണ്ട്. ഭിന്നിപ്പുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ നമ്മൾ വിമർശിക്കുക തന്നെ ചെയ്യും. അത്തരം ചോദ്യങ്ങൾ ഉയർത്തുമ്പോൾ അവർ പണ്ഡിതനാണെന്നോ സമുദായ നേതാവാണെന്നോ ഉള്ള പരിച തീർക്കുകയാണ് പതിവ്. ആരാണ് യഥാർത്ഥ പണ്ഡിതൻ? വേഷം കെട്ടുന്നത് കൊണ്ടുമാത്രം ആരും പണ്ഡിതനാകില്ല. വഖഫ് ബോർഡിൽ ഒരു പദവി കിട്ടിയാൽ പാണക്കാട് തങ്ങളെപ്പോലും ചീത്തവിളിക്കാം എന്ന മനോഭാവമാണ് ചിലർക്ക്. അധികാരത്തിന്റെ പിന്നാലെ ഓടുന്നവരല്ല പണ്ഡിതന്മാർ. അവരുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ആ പാണ്ഡിത്യം ദർശിക്കാൻ കഴിയണം", എന്ന് പി.കെ. ഫിറോസ് വ്യക്തമാക്കി.
യുഡിഎഫ് ഭരണം വന്നാൽ ആർഎസ്എസുകാരെ വഖഫ് ബോർഡിൽ നിയമിക്കുമെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമസ്തയ്ക്കുള്ളിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ സമസ്തയുടെ നയസമീപനങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് നീക്കം ചെയ്യണമെന്നും സംഘടനയ്ക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പി.കെ. ഫിറോസ് നിലപാട് വ്യക്തമാക്കിയത്.





