കണ്ണൂർ: തെരഞ്ഞെടുപ്പ് വേളയിൽ തൃക്കരിപ്പൂരിലെ മുസ്ലിം ഭവനങ്ങളിൽ കയറിയിറങ്ങി മുസ്ലിം ലീഗ് പ്രവർത്തകർ വർഗീയത പ്രചരിപ്പിച്ചെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്റെ പ്രസ്താവന പൂർണ്ണമായി ശരിവെച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഇത്തരം കാര്യങ്ങൾ കാലങ്ങളായി ലീഗ് അനുവർത്തിച്ചുപോരുന്ന പതിവ് രീതിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അരങ്ങിൽ പരസ്യമായി മതേതരത്വത്തിന്റെ മുഖംമൂടിയണിയുകയും അതേസമയം തന്നെ അണിയറയിൽ അതീവ രഹസ്യമായി കടുത്ത വർഗീയത പടർത്തുകയും ചെയ്യുന്ന ലീഗിന്റെ അഭിനയപാടവം സമാനതകളില്ലാത്തതാണ്. അഭിനയത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലും പിന്നിലാക്കുന്ന പ്രകടനമാണ് ലീഗ് കാഴ്ചവെക്കുന്നതെന്നും ജലീൽ കുറ്റപ്പെടുത്തി.
മങ്കട മണ്ഡലത്തിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ഞളാംകുഴി അലി കന്നിയങ്കത്തിനിറങ്ങിയ ഘട്ടത്തിൽ, നമസ്കാരപ്പായയിൽ പ്രാർത്ഥനയിലിരുന്ന സ്വന്തം ഉമ്മയെ ചവിട്ടിയ ആളാണ് അലിയെന്ന തരത്തിൽ ലീഗ് വലിയ തോതിൽ അപവാദ പ്രചാരണം അഴിച്ചുവിട്ടിരുന്നു. അലി നിസ്കരിക്കാത്ത ആളാണെന്നും വ്രതമനുഷ്ഠിക്കാറില്ലെന്നും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാറില്ലെന്നുമടക്കം വ്യാപകമായ കള്ളപ്രചാരണങ്ങളാണ് ലീഗ് അന്ന് നടത്തിയതെന്നും കെ.ടി. ജലീൽ ഓർമ്മിപ്പിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലീഗിൻ്റെ "അഭിനയമികവിനു" മുന്നിൽ മമ്മൂട്ടിയും മോഹൻലാലും തോറ്റു പോകും!
ജയരാജേട്ടൻ ലീഗിൻ്റെ വർഗീയക്കളികൾ ഇപ്പോഴാണോ മനസ്സിലാക്കുന്നത്? ഇത്തരം ആരോപണങ്ങൾ ലീഗിൻ്റെ സ്ഥിരം കലാപരിപാടിയാണ്. മങ്കടയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മഞ്ഞളാംകുഴി അലി ആദ്യത്തെ തവണ മൽസരിച്ചപ്പോൾ ലീഗ് വ്യാപകമായി നടത്തിയ പ്രചരണം, നമസ്കാരപ്പായയിൽ ഇരുന്ന ഉമ്മയെ തൊഴിച്ചവനാണ് അലി എന്നാണ്. അലി നിസ്കരിക്കൂല, നോമ്പ് നോൽക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല...... അങ്ങിനെ പോയി ലീഗിൻ്റെ ആരോപണങ്ങൾ. ആ തെരഞ്ഞെടുപ്പിൽ അലി ആയിരം വോട്ടിന് തോറ്റു. 2011-ൽ തൃത്താലയിൽ മൽസരിച്ച സഖാവ് മമ്മിക്കുട്ടിക്കെതിരെ ലീഗ് പ്രചരിപ്പിച്ചത് കേൾക്കണ്ടെ! മമ്മിക്കുട്ടിക്ക് കള്ള് ഷോപ്പിലാണ് ജോലി. മുഴുകുടിയനാണ്, നിസ്കരിക്കൂല, നോമ്പ് നോൽക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല.... അങ്ങിനെ പോയി ലീഗിൻ്റെ ആക്ഷേപം. മമ്മിക്കുട്ടി ചെറിയ വോട്ടിന് തോറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്കെതിരെ പ്രചരിപ്പിച്ചത് എന്തായിരുന്നെന്നോ? ജലീല് സ്വർഗവും നരകവും ഇല്ലാന്ന് പറഞ്ഞു, എ.കെ.ജി.യും ഇ.എം.എസും ഇല്ലാത്ത സ്വർഗ്ഗം വേണ്ടെന്ന് പറഞ്ഞു.....അങ്ങിനെ എന്തൊക്കെ? എല്ലാറ്റിനും പുറമെ ഞാനെഴുതാത്ത ഒരു വ്യാജ സ്ക്രീൻഷോട്ടും എൻ്റെ പേരിൽ പ്രചരിപ്പിച്ചു. എനിക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള ന്യൂനപക്ഷ വോട്ടുകൾ തടയലായിരുന്നു ലീഗ് ലക്ഷ്യം. ഡോ: ബി.ഇക്ബാൽ ചങ്ങനാശ്ശേരിയിൽ മൽസരിച്ച ഘട്ടത്തിലും സമാന ആരോപണങ്ങൾ മുസ്ലിം വീടുകൾ കയറി ലീഗുകാർ പ്രചരിപ്പിച്ചു. അന്ന് നിസ്സാര വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്.
ഇടതുപക്ഷത്ത് മൽസരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിൻ്റെ ഭാഗത്തു നിന്ന് നേരിടുന്ന തികച്ചും വർഗീയത കലർന്ന ആക്ഷേപങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടിട്ടുള്ളവരാണ്. ഇതെല്ലാം. ലീഗ് രണ്ടായി പിളർന്ന കാലത്ത് ഇടതുപക്ഷ മുന്നണിയിൽ മൽസരിച്ച അഖിലേന്ത്യാ ലീഗ് സ്ഥാനാർത്ഥികളും സമാന ആരോപണങ്ങൾ നേരിട്ടവരാണ്. ഇതേ ആളുകൾ ലീഗ് സ്ഥാനാർത്ഥികളായാൽ അവരോളം നല്ല "മുസ്ലിം" വേറെയില്ലെന്ന മട്ടിലാകും പച്ചക്കള്ളം പറഞ്ഞ അതേ നാവുകൊണ്ട് ലീഗുകാർ വീടുകൾ കേറിപ്പറയുക. അതിനൊന്നും യാതൊരു ലജ്ജയും അവർക്കില്ല. അങ്ങിനെ തിരിച്ചും മറിച്ചും ലീഗുകാർ പറഞ്ഞത് കേൾക്കാൻ ഭാഗ്യം കിട്ടിയ മനുഷ്യനാണ് മഞ്ഞളാംകുഴി അലി. അബ്ദുല്ലക്കുട്ടി ഇടതുസ്ഥാനാർത്ഥിയായി പാർലമെൻ്റിലേക്ക് മൽസരിച്ച ഘട്ടത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ഇതെല്ലാം ചെയ്ത് അപ്പുറത്തു പോയി ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ "നല്ലപിള്ള" ചമഞ്ഞ് ഞെളിഞ്ഞിരിക്കാനും യാതൊരു മനസാക്ഷിക്കുത്തും ലീഗിനില്ല. ഒരേസമയം കടുത്തവർഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട മതേതരത്വത്തിൻ്റെ വാഹകരാകാനുമുള്ള ലീഗിൻ്റെ ''അഭിനയമികവ്" അസാദ്ധ്യമാണ്. മമ്മൂട്ടിയും മോഹൻലാലും വരെ ലീഗിനു മുന്നിൽ തോറ്റുപോകും.





