പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുവേദികളിൽ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരാൻ പോലീസിന്റെ നീക്കം. ഉയർന്ന സുരക്ഷാ വിഭാഗത്തിലുള്ള വിഐപി ആയതിനാൽ മുഖ്യമന്ത്രിയെത്തുന്ന ചടങ്ങുകളിൽ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ തിക്കിത്തിരക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്നാണ് പോലീസിന്റെ അസാധാരണമായ വിലയിരുത്തൽ. യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ മഫ്തി പോലീസിനെ കൂടുതലായി നിയോഗിച്ച് സുരക്ഷ ശക്തമാക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ഇതുസംബന്ധിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചിരിക്കുന്നത്.
പൊതുപരിപാടികൾക്കെത്തുന്ന സന്ദർഭങ്ങളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ തൊട്ടരികിലേക്ക് തള്ളിക്കയറുകയും അദ്ദേഹത്തിന്റെ ശരീരത്തിൽ സ്പർശിക്കുന്ന നിലയിൽ പെരുമാറുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ മുഖ്യമന്ത്രിയുടെ യാത്രകളിലോ പരിപാടികളിലോ ആവർത്തിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും, അതിനാൽ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളിലും യാത്രാവഴികളിലും കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്. യൂണിഫോമിലുള്ള പോലീസുകാർക്ക് പുറമേ മഫ്തി പോലീസിനെയും വൻതോതിൽ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ അതീവ ജാഗ്രത പുലർത്തി ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. മൈക്കുമായി അടുത്തേക്ക് ചെല്ലരുതെന്നും ദൂരേക്ക് മാറിനിൽക്കണമെന്നുമായിരുന്നു എറണാകുളം എസിപി പീറ്റർ കെ.ജെ. മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ള വ്യക്തിയാണെന്നും വിട്ടുനിൽക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത്തരമൊരു നിർദ്ദേശം സർക്കാരിൽ നിന്നോ ഉന്നതരിൽ നിന്നോ ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ എസിപി തയ്യാറായില്ല. ഗോകുലം പാർക്കിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു പോലീസിന്റെ ഈ അപ്രഖ്യാപിത വിലക്ക്. മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ താല്പര്യമില്ലെന്നാണ് പോലീസ് അറിയിച്ചത്. തുടർന്ന് വൻ പോലീസ് വലയത്തിലാണ് അദ്ദേഹം വേദിയിലെത്തിയത്; മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പോലീസ് ആരെയും അനുവദിച്ചതുമില്ല.





