ആലപ്പുഴ: അനധികൃതമായി ചില സഖാക്കൾ സാമ്പത്തിക സമ്പാദനം നടത്തിയെന്ന ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും മൂന്ന് മാസത്തിനകം ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ നേതാക്കളുടെയും സ്വത്തുവിവരങ്ങൾ വിശദമായി അന്വേഷിക്കുമെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. സംഘടനാ സംവിധാനത്തിനുള്ളിൽ കടന്നുകൂടിയ അപചയങ്ങളും ജീർണ്ണതകളുമാണ് ഇതിലേക്ക് നയിച്ചതെന്നും ഇവ അടിമുടി മാറ്റിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ പൊതുജനങ്ങളോട് തികച്ചും മാന്യമായ സമീപനം പുലർത്തണമെന്ന് നാസർ ഓർമ്മിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും തെറ്റായ പ്രവണതകൾ തിരുത്തി മുന്നേറുകയും വേണം. അംഗങ്ങൾക്ക് പ്രത്യേക രാഷ്ട്രീയ ക്ലാസുകൾ നൽകും. പാർട്ടി നിയോഗിക്കുന്ന മുഴുവൻ സമയ പ്രവർത്തകർക്ക് മാന്യമായി ജീവിക്കാനുള്ള സാമ്പത്തിക മാർഗ്ഗങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഉപേക്ഷിച്ചുപോയ ചിലർ ശത്രുപക്ഷവുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും തുടർന്ന് പാർട്ടി സഖാക്കളെ വേട്ടയാടുകയുമാണെന്ന് ജി. സുധാകരനെ ലക്ഷ്യമിട്ട് ആർ. നാസർ കുറ്റപ്പെടുത്തി. ഈ വ്യക്തികൾ പ്രസ്ഥാനത്തിൽ തുടരുന്ന കാലത്ത് വലിയ തോതിൽ തെറ്റുകൾ പ്രവർത്തിച്ചിരുന്നു; അതിന്റെ തുടർച്ചയായാണ് അവർ എതിർചേരിയിലേക്ക് ചേക്കേറിയത്. ഇത്തരമൊരു അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ലായിരുന്നു. സമയത്ത് ഇവരെ തിരുത്താൻ സാധിക്കാതെ പോയതാണ് പാർട്ടിവിട്ട് പ്രസ്ഥാനത്തിന് നേരെ തന്നെ മത്സരിക്കുന്ന സാഹചര്യമുണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി. സുധാകരൻ ബുദ്ധിമാനായ കമ്മ്യൂണിസ്റ്റാണെങ്കിലും തികഞ്ഞ അവസരവാദ നിലപാടാണ് സ്വീകരിച്ചതെന്ന് നാസർ പറഞ്ഞു. അതിനാലാണ് പാർട്ടി അംഗത്വം പുതുക്കാതിരുന്നത്. തന്മൂലം അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ സംഘടനയ്ക്ക് സാധിച്ചില്ല. തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങാനാണ് മെമ്പർഷിപ്പ് പുതുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററി വ്യാമോഹം അതിരുവിട്ടു. സ്വതന്ത്രനായിട്ടാണ് കളത്തിലിറങ്ങിയതെന്ന് അവകാശപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകൾ സമാഹരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും നാസർ കൂട്ടിച്ചേർത്തു.





