തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട് കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവം നിറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും ബിജെപിക്ക് അടിയറവ് വെച്ച ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച വ്യക്തിയായിട്ടാകും ചരിത്രം വിലയിരുത്തുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല' എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ രൂക്ഷ വിമർശനം.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവികളിലൊന്നിലിരുന്ന് ജനാധിപത്യ വ്യവസ്ഥയെത്തന്നെ തകിടംമറിച്ച ഗ്യാനേഷ് കുമാർ ഇനിയൊരു നിമിഷം പോലും ആ കസേരയിൽ തുടരാൻ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാറിന്റെ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവെച്ച കുറ്റവാളി മനോഭാവമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം; സ്ഥാനത്ത് ഇനിയും തുടരുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും സതീശൻ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് മുന്നറിയിപ്പ് നൽകിയ കാര്യങ്ങളെല്ലാം ഇപ്പോൾ അക്ഷരംപ്രതി ശരിയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





