തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് പ്രഖ്യാപിച്ചിട്ടുള്ള റെഡ് അലർട്ട് ഇന്നും പ്രാബല്യത്തിൽ തുടരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെല്ലാം തന്നെ രൂക്ഷമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 10.30 വരെ ഒരു മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത നിലനിൽക്കുന്നതായി ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) വ്യക്തമാക്കി.
തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ചും താഴ്ന്ന മേഖലകളിൽ ശക്തമായ കടൽക്ഷോഭത്തിനും വെള്ളം ഇരച്ചുകയറാനും സാധ്യത ഏറെയാണ്. കടലാക്രമണ ഭീഷണി നിലനിൽക്കുന്ന തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ചെറുവള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന എല്ലാ യാനങ്ങളും സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകി.





