തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക സർക്കാർ ബോർഡ് ഘടിപ്പിക്കാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദം ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് വ്യക്തമാകുന്നു. സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ നേരിട്ട് വാടകയ്ക്കെടുത്തതോ ആയ വാഹനങ്ങളിൽ മാത്രമേ ഔദ്യോഗിക ബോർഡുകൾ വെക്കാൻ നിയമപരമായി അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം ബോർഡുകൾ പതിക്കണമെങ്കിൽ പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി ഉത്തരവ് ആവശ്യമാണ്. ഇത് വ്യക്തമാക്കുന്ന 2015-ലെ ഔദ്യോഗിക വിജ്ഞാപനം റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
ഗവർണർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ എന്നിവർക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ മന്ത്രിമാർക്കോ ജില്ലാ കളക്ടർമാർക്കോ ലഭ്യമല്ലെന്നും, വ്യക്തമായ ഉത്തരവുകളില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് ഘടിപ്പിക്കുന്നത് നിയമലംഘനമാണെന്നും വിജ്ഞാപനത്തിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്.
മന്ത്രിമാർക്ക് സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റേഞ്ച് റോവർ കാർ ഉപയോഗിച്ച നടപടിയെ കെ.എം. ഷാജി ന്യായീകരിച്ചത്. ഔദ്യോഗിക പദവികൾ വ്യക്തിപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കരുതെന്നാണ് വ്യവസ്ഥയെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മന്ത്രി യാത്ര ചെയ്യുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ കയറുന്നവരെല്ലാം മന്ത്രിമാരാകില്ലെന്നും അദ്ദേഹം ഇന്ന് പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന 'കേരള സ്റ്റേറ്റ് 13' എന്ന ബോർഡും ദേശീയ ചിഹ്നവും ഘടിപ്പിച്ച ആഡംബര റേഞ്ച് റോവർ കാറിൽ കെ.എം. ഷാജി യാത്ര ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഔദ്യോഗിക വാഹനം കേടായതിനെത്തുടർന്ന് സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു വിഷയത്തിൽ നേതൃത്വം നൽകിയ വിശദീകരണം. എന്നാൽ മതിയായ അനുമതിയില്ലാതെ മുൻപും മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചിരുന്നതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം കാസർകോട്ടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുസ്ലിം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഹൈക്രോസ് കാറാണ് അദ്ദേഹം ഉപയോഗിച്ചത്. ഗസ്റ്റ് ഹൗസിൽ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വാഹനം ലഭ്യമായിരുന്ന ഘട്ടത്തിലായിരുന്നു മന്ത്രി സ്വകാര്യ വാഹനത്തിൽ യാത്ര നടത്തിയത്.





