കോഴിക്കോട്: റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശക്തമായ ന്യായീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. ഔദ്യോഗിക പദവികൾ വ്യക്തിപരമായ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്യരുതെന്നാണ് ചട്ടമെന്നും, അതേസമയം സ്വന്തം വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്കായി ഓടിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി സഞ്ചരിക്കുന്ന വാഹനം ഏതാണോ അതാണ് മന്ത്രിയുടെ വാഹനം. ആ വാഹനത്തിൽ കയറുന്നവരെല്ലാം മന്ത്രിമാരാകില്ലെന്നും, മന്ത്രിയുടെ ഔദ്യോഗിക കാറിൽ മറ്റാരെങ്കിലും യാത്ര ചെയ്യുന്നത് മാത്രമേ നിയമവിരുദ്ധമാകൂ എന്നും അദ്ദേഹം നിയമവശങ്ങൾ നിരത്തി വ്യക്തമാക്കി.
മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. താൻ ആഡംബര വാഹനത്തിൽ കറങ്ങിയെന്നായിരുന്നു ആദ്യ പ്രചാരണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വരുമാനം വെച്ച് ഇത്രയും വലിയ വാഹനം സ്വന്തമാക്കാനാവില്ലെന്ന് പിന്നീട് പറഞ്ഞുണ്ടാക്കി. വാഹനത്തിന്റെ യഥാർത്ഥ വില ഗൂഗിളിൽ തിരഞ്ഞാൽ ആർക്കും വ്യക്തമാകുന്നതേ ഉണ്ടായിരുന്നുള്ളൂ; എല്ലാം വെറും ഊഹാപോഹങ്ങളായിരുന്നു. അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും ഇതേ കാറാണ് താൻ ഉപയോഗിച്ചിരുന്നത്. ആദ്യം തന്റെ വണ്ടിയെന്നും പിന്നീട് സുഹൃത്തിന്റെ വണ്ടിയെന്നും പറഞ്ഞുണ്ടാക്കി. ഒടുവിൽ എന്തോ പ്രത്യുപകാരം പ്രതീക്ഷിച്ചാണ് വാഹനം നൽകിയതെന്നായി ആരോപണം. പ്രത്യുപകാരം ലാക്കാക്കി മാത്രം പ്രവർത്തിക്കുന്നവരുടെ വികലമായ മനോനിലയാണിത്. വിദേശ പര്യടനത്തിനിടെ ബാർ ഉടമ തനിക്കൊപ്പമുണ്ടായിരുന്നുവെന്നായിരുന്നു മറ്റൊരു കള്ളപ്രചാരണം. എന്നാൽ ആ ബാർ ഉടമ പിണറായി വിജയനും എ.എൻ. ഷംസീറിനുമൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആ വിവാദം താനേ കെട്ടടങ്ങി. സിപിഐഎം സൈബർ സംഘത്തിന്റെ വ്യാജനിർമ്മിതികളെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തന്റെ വകുപ്പിൽ പതിനായിരത്തോളം അനധികൃത നിയമനങ്ങളാണ് നടന്നത്. ഈ സത്യങ്ങൾ വെളിച്ചത്തുവരുമെന്ന ഭയമാണ് അവർക്ക്; അതുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ട് നിരന്തരം വേട്ടയാടുന്നത്. റേഞ്ച് റോവറിന് മുന്നിൽ താൻ നിൽക്കുന്ന രീതിയിലുള്ള ചിത്രം കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് ചമച്ചതാണ്. മുഖ്യധാരാ മാധ്യമങ്ങളടക്കം ഇത് വാർത്തയാക്കി. തന്റെ കുടുംബത്തിന്റെ വ്യാജ ഫോട്ടോ പോലും സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ചു. കെ.എം. ഷാജിക്ക് വ്യക്തിത്വമുണ്ട്; എന്തും വിളിച്ചുപറയാനുള്ള ഇടമല്ല മാധ്യമങ്ങൾ. ചട്ടങ്ങൾ അറിയില്ലെങ്കിൽ ചട്ടമ്പിത്തരം കാട്ടരുതെന്നും അദ്ദേഹം തുറന്നടിച്ചു.
കിലയിലെ (KILA) നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി. കിലയിലായാലും മറ്റെവിടെയായാലും തങ്ങൾ ഒരു വ്യക്തിയെപ്പോലും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ലെന്ന് ഷാജി ഉറപ്പിച്ചുപറഞ്ഞു. ആവശ്യമെങ്കിൽ മുൻവാതിലിലൂടെത്തന്നെ ആളുകളെ പ്രവേശിപ്പിക്കും. എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകരെ നിയമിച്ചതാണോ ഇപ്പോഴത്തെ പ്രശ്നം? എംഎസ്ഡബ്ല്യു (MSW) ബിരുദമുള്ള ആളുകൾ എംഎസ്എഫോ, എസ്എഫ്ഐയോ, കെഎസ്‌യുവോ, എബിവിപിയോ ആയിക്കൊള്ളട്ടെ, അവർക്ക് അർഹതയുണ്ടെങ്കിൽ നിയമനം ഉറപ്പാക്കും. പ്രവർത്തിക്കാനുള്ള യോഗ്യതയും ഗുണനിലവാരവും മാത്രമേ മാനദണ്ഡമാക്കൂ; സിപിഐഎമ്മിന്റെ ശുപാർശക്കത്ത് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വ്യാജരേഖ ചമച്ച കേസിലെ പ്രതിയും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ടോം ജോസഫിനെയും മദ്യവ്യവസായി ജോൺ സേവ്യറെയും മന്ത്രി ന്യായീകരിച്ചു. ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നും അധ്വാനിച്ചു ജീവിക്കുന്ന മിടുക്കരായ ചെറുപ്പക്കാരാണെന്നും ഷാജി പറഞ്ഞു. വളരെ മാന്യമായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ജെയിൻ യൂണിവേഴ്സിറ്റി; എല്ലാവരും അവിടം സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





