തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നിയമോപദേശം തേടാൻ വിജിലൻസ് തീരുമാനം. മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് രണ്ട് പരാതികളാണ് വിജിലൻസിന് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന പരാതിക്കാരുടെ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിജിലൻസ് നിയമോപദേശം തേടുന്നത്. ഇതിനുപുറമെ, വിഷയത്തിൽ ലഭിച്ച ഹർജിയിൽ ലോകായുക്ത സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
മുഖ്യമന്ത്രിക്കെതിരെ വിജിലൻസിന് രണ്ട് പരാതികൾ ലഭിച്ചപ്പോൾ ലോകായുക്തയ്ക്ക് മുന്നിൽ ഒരു ഹർജിയെത്തി. അഡ്വക്കേറ്റ് കെ.എം. ഷാജഹാനാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ലോകായുക്തയിൽ പരാതി സമർപ്പിച്ചത്. സതീശന് മുഖ്യമന്ത്രി പദവിയിൽ തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയ ഷാജഹാൻ, അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ കരാർ നീട്ടിനൽകുന്നതിനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് ഈ വിമാനയാത്ര നടന്നത്. വിമാനയാത്രയ്ക്കുള്ള ചെലവും സർക്കാർ തീരുമാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. യാത്രയുടെ തുക ചിപ്‌സൺ ഏവിയേഷൻ വഹിച്ച വിവരം മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ നേരത്തെ അറിയാമായിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ ഫയലുകളും ഇൻവോയ്സുകളും പണമിടപാട് രേഖകളും വിളിച്ചുവരുത്തണമെന്നും കെ.എം. ഷാജഹാൻ പരാതിയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബർ 21-നായിരുന്നു വി.ഡി. സതീശന്റെ വിവാദ മലപ്പുറം യാത്ര. ജില്ലയിലുണ്ടായ കനത്ത മഴക്കെടുതികളും മലവെള്ളപ്പാച്ചിലിനെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങളും നേരിട്ട് കണ്ട് വിലയിരുത്താനായിരുന്നു സന്ദർശനം. എന്നാൽ ചാർട്ടേഡ് വിമാനം ഉപയോഗിച്ചത് അനാവശ്യ ധൂർത്താണെന്ന ആക്ഷേപം ശക്തമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. ചാർട്ടേഡ് ഫ്ലൈറ്റിന്റെ ചെലവ് സ്പോൺസറാണ് വഹിച്ചതെന്നും ഖജനാവിന് യാതൊരു അധിക ബാധ്യതയുമുണ്ടായിട്ടില്ലെന്നുമായിരുന്നു വിശദീകരണം. കരിപ്പൂരിലേക്ക് സാധാരണ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പ്രത്യേക വിമാനത്തെ ആശ്രയിച്ചതെന്നും ഓഫീസ് വ്യക്തമാക്കി. എന്നാൽ ഈ വാദം വന്നതോടെ ആരാണ് സ്പോൺസർ എന്ന ചോദ്യം ഉയരുകയും പ്രതിപക്ഷം വിഷയം ശക്തമായി ഏറ്റെടുക്കുകയും ചെയ്തു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുൻ മന്ത്രി പി. രാജീവ്, എം. വിജിൻ തുടങ്ങിയ നേതാക്കൾ പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തി.
ഇതിനുപിന്നാലെ വി.ഡി. സതീശൻ നേരിട്ട് മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരണം നൽകി. മലയാളി സുഹൃത്താണ് യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നും അദ്ദേഹത്തിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പല തവണ മാധ്യമങ്ങൾ ചോദിച്ചെങ്കിലും സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഇതിനിടയിലാണ് ചിപ്‌സൺ ഏവിയേഷനാണ് വിമാനയാത്രയുടെ തുക ചെലവഴിച്ചതെന്ന വിവരം പുറത്തുവന്നത്.





