കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിനിയമിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ കോഴിക്കോട് നാർക്കോട്ടിക് സെല്ലിലേക്കാണ് സ്ഥലം മാറ്റിയത്. കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന സന്ദർഭത്തിലാണ് അന്വേഷണ ചുമതല വഹിച്ച ഉദ്യോഗസ്ഥനെതിരെയുള്ള ഈ മാറ്റം. കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് പുറമെ കോളേജിലെ മറ്റ് രണ്ട് അധ്യാപകരെക്കൂടി കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ പോലീസ് തലത്തിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
സംഭവത്തിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിന് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കടുത്ത വ്യവസ്ഥകളോടെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഒരു ഘട്ടത്തിൽ കോടതി പരാമർശിക്കുകയുമുണ്ടായി. ഇതിനു മുൻപും ഇയാളുടെ അറസ്റ്റ് നടപടികളിൽ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അറസ്റ്റ് രേഖകൾ കൃത്യമായി തയ്യാറാക്കാതിരുന്നതിനെത്തുടർന്ന് ആദ്യഘട്ടത്തിൽ റാമിനെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമായി എഴുതി നൽകിയില്ലെന്ന വാദം ശരിവെച്ചായിരുന്നു കോടതി നടപടി. ഇതിനുപിന്നാലെ കോടതി വളപ്പിൽനിന്ന് റാമിനെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു കോളേജ് കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. കോളേജിലെ അധ്യാപകർ നടത്തിയ ജാതീയമായ അധിക്ഷേപങ്ങളിലും മാനസിക പീഡനങ്ങളിലും മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കാൻ നിർബന്ധിതനായതെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു.





