കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. വിനോദ് മോണി (വിനോജ് മോണി), അധ്യാപിക ഡോ. ലത ശശിധരൻ എന്നിവർക്കെതിരെയാണ് പുതിയതായി കേസെടുത്തിരിക്കുന്നത്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ പിടിച്ചുവെച്ചത് ഇവരായിരുന്നു. കേസിൽ പ്രതികളാക്കപ്പെട്ടതോടെ അറസ്റ്റ് ഒഴിവാക്കാനായി ഇരുവരും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡോ. എം. റാം ഒന്നാം പ്രതിയും, മറ്റൊരു അധ്യാപികയായ സംഗീത നമ്പ്യാർ രണ്ടാം പ്രതിയുമായ കേസിലാണ് ഇപ്പോൾ കൂടുതൽ പേരെ പ്രതിചേർത്തിരിക്കുന്നത്.
നേരത്തെ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റാമിന് സെപ്റ്റംബർ 9-ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പരിസരത്ത് പ്രവേശിക്കരുതെന്നും വിദ്യാർത്ഥികളെ യാതൊരു വിധത്തിലും സ്വാധീനിക്കരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് കോടതി ഇയാൾക്ക് ജാമ്യം നൽകിയത്. ഇതിനെത്തുടർന്ന് ഇയാൾ ജയിൽ മോചിതനായി.
കർണാടകയിലെ കുടകിൽ ഒളിവിൽ താമസിക്കുകയായിരുന്ന റാമിനെ ജൂലൈ 20-നായിരുന്നു പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് അനാവശ്യമായി നീണ്ടുപോകുന്നതിൽ ഹൈക്കോടതി മുൻപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ വൈകുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി, അറസ്റ്റ് നടപടികളിൽ പോലീസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വിമർശിച്ചു. ഈ വിമർശനങ്ങൾക്ക് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കിയാണ് അന്വേഷണസംഘം റാമിനെ വലയിലാക്കിയത്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10-നായിരുന്നു കോളേജ് കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിരുന്നു. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയായിരുന്നു ബന്ധുക്കൾ പ്രധാനമായും പരാതി ഉന്നയിച്ചത്. സംഭവത്തെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നതോടെ മാനേജ്‌മെന്റ് ഡോ. റാമിനെയും ഡോ. സംഗീതയെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.





