കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച. ആശുപത്രി മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മൊബൈൽ ഫ്രീസറിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് പരുവത്തുരുത്ത് സ്വദേശിനിയുടെ മൃതദേഹത്തിന് ഈ ദുർഗതിയുണ്ടായത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കടക്കം മകൻ വിനീഷ് പരാതി സമർപ്പിച്ചു.
കഴിഞ്ഞ 16-ാം തീയതിയാണ് ശുചിമുറിയിൽ കാൽവഴുതി തലയിടിച്ചു വീണ് പരുവത്തുരുത്ത് സ്വദേശിനി മരണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസുള്ളതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനായാണ് പറവൂർ താലൂക്ക് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിലേക്ക് മൃതദേഹം മാറ്റിയത്. പിറ്റേദിവസം രാവിലെ എട്ട് മണിയോടെ പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് മൃതദേഹം അഴുകിത്തുടങ്ങിയ വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഫ്രീസറിന്റെ മുകൾഭാഗത്തേക്ക് ശരിയായ രീതിയിൽ തണുപ്പ് ലഭിച്ചിരുന്നില്ലെന്നും, ഫ്രീസർ തകരാറിലായതാണ് മൃതദേഹം വേഗത്തിൽ ജീർണ്ണിക്കാൻ കാരണമായതെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ ബന്ധുക്കളെ അറിയിച്ചു. ഇതേക്കുറിച്ച് താലൂക്ക് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടപ്പോൾ വളരെ ലാഘവത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും, അമ്മയ്ക്ക് അവസാനമായി ഒരു അന്ത്യചുംബനം പോലും അർപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്നും മകൻ വിനീഷ് വേദനയോടെ പറഞ്ഞു.
നാല് മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന പ്രധാന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് നിലവിൽ ഈ ആശുപത്രിയിലുള്ളത്. ഇതിൽ നാല് മൃതദേഹങ്ങൾ വെക്കാവുന്ന പ്രധാന സംവിധാനത്തിന് 15 വർഷത്തെ പഴക്കമുണ്ട്. നാല് വർഷം മാത്രം പഴക്കമുള്ള മൊബൈൽ ഫ്രീസറാകട്ടെ പ്രവർത്തനരഹിതമായ അവസ്ഥയിലുമാണ്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ ആശുപത്രിയിൽ പുതിയ ഫ്രീസർ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.





