കൊച്ചി: സ്വകാര്യ വ്യക്തിയുടെ കാറിൽ ഔദ്യോഗിക പര്യടനം നടത്തിയ മന്ത്രി കെ.എം. ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനാണ് മന്ത്രിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയത്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടങ്ങൾ പരസ്യമായി ലംഘിക്കുന്ന നടപടിയാണ് കെ.എം. ഷാജിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനത്തിൽ 'കേരള സ്റ്റേറ്റ്' ബോർഡും ഔദ്യോഗിക നമ്പറും പതിപ്പിച്ച് യാത്ര ചെയ്തത് പൂർണ്ണമായും നിയമവിരുദ്ധമാണ്. ദേശീയപതാകയും സർക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളും മന്ത്രി ദുരുപയോഗം ചെയ്തു. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തിയാണ് മന്ത്രിയുടെ പ്രവർത്തനം. വാഹനം വിട്ടുനൽകിയ ഉടമയും മന്ത്രിയും തമ്മിലുള്ള പരസ്പര നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ ഇടപാട് നടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ ഗതാഗത വകുപ്പ് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനം പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സർക്കാർ ചിഹ്നങ്ങളും സംവിധാനങ്ങളും ചട്ടവിരുദ്ധമായി ഉപയോഗിച്ചതിന് കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഔദ്യോഗിക വാഹനത്തിന് പകരമായി സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനം ഉപയോഗിച്ചത് വൻ രാഷ്ട്രീയ വിവാദമായതോടെ മന്ത്രി ഈ കാർ മടക്കിനൽകിയിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിവാദത്തെ തുടർന്ന് തിരിച്ചേൽപ്പിച്ചത്.





