തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാടിൽ എം.ഡി എസ്.എൻ. ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളിലെ വിവരങ്ങൾ പരസ്യമായതോടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ പേരടങ്ങിയ ഡയറിയുടെ പകർപ്പുകൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ, ബി.ജെ.പി നേതാക്കളുടെ പേരുകളും പണം കൈപ്പറ്റിയ വിവരങ്ങളും അടങ്ങിയ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പാർട്ടിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നേതൃയോഗം വിളിച്ചുചേർത്തത്. എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേരുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാൽ, അതേ രേഖകളിൽത്തന്നെ ബി.ജെ.പി നേതാക്കളുടെ പേരുകളും അവർ കൈപ്പറ്റിയെന്ന് പറയുന്ന സംഖ്യകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് പാർട്ടിയെ വെട്ടിലാക്കിയത്. ഷോൺ ജോർജ് കാണിച്ചത് പക്വതയില്ലാത്ത എടുത്തുചാട്ടമാണെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. ഷോണിന്റെ ഈ നടപടിക്കെതിരെ വി. മുരളീധരൻ പക്ഷത്തിനും പി.കെ. കൃഷ്ണദാസ് പക്ഷത്തിനും വലിയ അമർഷമാണുള്ളത്. വി. മുരളീധരന്റെ ഉൾപ്പെടെയുള്ള പേരുകൾ ഡയറിയിലുണ്ടെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്.
മാസപ്പടി വിഷയത്തിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിണറായി വിജയനും കുടുംബത്തിനുമെതിരെ തിരിഞ്ഞുനിൽക്കുന്ന നിർണ്ണായക ഘട്ടത്തിൽ, ഷോണിന്റെ എടുത്തുചാട്ടം പാർട്ടിയെത്തന്നെ തിരിഞ്ഞുകൊത്താൻ ഇടയാക്കിയെന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം. ഒരു മുതിർന്ന നേതാവുമായും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മാരാർജി ഭവനിൽ വെച്ച് ഷോൺ ഇത്തരമൊരു വാർത്താസമ്മേളനം നടത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. കൂടാതെ ആർ.എസ്.എസും ചില പോഷക സംഘടനകളും പണം സ്വീകരിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.





