തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പുകൾ പുതുക്കി. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരുന്ന മൂന്ന് മണിക്കൂറിനിടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വടക്കൻ കേരളത്തിൽ നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നൽ അകമ്പടിയോടെയുള്ള ഇടത്തരം മഴയ്ക്കും മണിക്കൂറിൽ പരമാവധി 30 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകി. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില സന്ദർഭങ്ങളിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിലും ആഞ്ഞടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.





