കൊച്ചി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതികളിൽ പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ ആംസ്റ്റർ ഓവർസീസിന്റെ സി.ഇ.ഒ പാർവതി മായയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് തിരികെ എത്തിയ ഇവരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണസംഘം പിടികൂടിയത്. കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വഞ്ചനാ കേസുകളിലെ മുഖ്യപ്രതിയാണ് പാർവതി.
പോളണ്ട്, അർമേനിയ എന്നീ രാജ്യങ്ങളിൽ തൊഴിൽ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. പരാതിക്കാരുടെ പക്കൽ നിന്നും ഏകദേശം പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കോട്ടയത്ത് കേന്ദ്ര ഓഫീസും കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവയ്ക്ക് പുറമെ ഒമാൻ, ദുബായ്, അബുദാബി, ബഹ്‌റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും ശാഖാ ശൃംഖലകളുമുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാണ് ആംസ്റ്റർ. വിദേശ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളാണ് ഈ സ്ഥാപനം പ്രധാനമായും മുന്നോട്ടുവെച്ചിരുന്നത്.





