കൊച്ചി: സി.എം.ആർ.എൽ മുൻ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. കർത്തയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോ, അദ്ദേഹം പണം നൽകിയിരുന്നോ എന്നീ ആവർത്തിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്കൊന്നും വ്യക്തത നൽകാതെ അദ്ദേഹം വേദി വിട്ടുപോയി.
ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് നേരത്തെ പുറത്തുവിട്ടിരുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്.
ഇരുമുന്നണികളും ഒത്തുചേർന്ന് നടത്തിയ സംയുക്ത ഇടപാടുകളാണിതെന്നും ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണ് ഇടതുപക്ഷവും വലതുപക്ഷവുമെന്നും ഷോൺ ജോർജ് തുറന്നടിച്ചു. സർക്കാരിന് മടിയിൽ കനമില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊടുക്കാൻ ധൈര്യം കാട്ടണം. താൻ വെളിപ്പെടുത്തിയ വിവരങ്ങൾ എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പക്കൽ ലഭ്യമായ രേഖകളിൽ ബി.ജെ.പി പ്രതിനിധികളുടെ പേരുകൾ ഒരിടത്തുമില്ല. പാർട്ടിക്ക് മൂന്ന് എം.എൽ.എമാരും ഒരു എം.പിയുമാണുള്ളത്; അവരെല്ലാം ഒരു വർഷത്തിനിടെ ചുമതലയേറ്റവരാണ്. വി. മുരളീധരന്റെ പേര് ഈ രേഖകളിൽ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കുന്നതിനായി പിണറായി വിജയനും വി.ഡി. സതീശനും ഒത്തുചേർന്ന് നടത്തിയ ആസൂത്രിത നീക്കമാണിത്. കേസിൽ നേരിട്ട് ആരോപണം നേരിടുന്നയാളാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ആരോപണ വിധേയൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം വേണ്ടെന്ന് പറയുന്ന വിചിത്രമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു.





