ആലപ്പുഴ: സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പിൽ തന്റെ പേര് ഉൾപ്പെട്ടതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് ജി. സുധാകരൻ എം.എൽ.എ. ആ ഡയറിയിൽ തന്റെ പേര് മനഃപൂർവ്വം എഴുതിച്ചേർത്തതായിരിക്കണം. ഷോൺ ജോർജിന്റെ വിചാരം എന്താണെന്ന് മനസ്സിലാകുന്നില്ല. പി.സി. ജോർജ് പോലും ഇന്നുവരെ തനിക്കെതിരെ ഒരക്ഷരം സംസാരിച്ചിട്ടില്ലെന്നിരിക്കെ, ഷോൺ ജോർജ് അല്പം അതിരുവിട്ട് പെരുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിക്ക് ഫണ്ട് തരാമെന്ന് കർത്ത പറഞ്ഞ സന്ദർഭത്തിൽ അതിനെ ശക്തമായി തടയുകയാണ് താൻ ചെയ്തത്. കേസിലെ ഗൗരവം ഇല്ലാതാക്കാനാണ് ഇത്തരം അനാവശ്യ പേരുകൾ ലിസ്റ്റിൽ കൂട്ടിച്ചേർക്കുന്നത്. യഥാർത്ഥത്തിൽ പണം കൈപ്പറ്റിയവരെ സംരക്ഷിച്ചെടുക്കാനുള്ള ആസൂത്രിത തന്ത്രത്തിന്റെ ഭാഗമാണിത്. പേര് പരാമർശിക്കപ്പെട്ടതിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകാൻ താനില്ല; മാനമുള്ള ആളുകൾ ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
എന്തായാലും ആ പട്ടികയിൽ ഷോൺ ജോർജിന്റെ പേരില്ലല്ലോ, അത് ആശ്വാസമാണെന്ന് സുധാകരൻ പറഞ്ഞു. നിയമസഭയിൽ പോലും പി.സി. ജോർജ് തന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; തനിക്കെതിരെ മാത്രമാണ് അദ്ദേഹം ആക്ഷേപം ഉന്നയിക്കാതിരുന്നത്. അങ്ങനെയെങ്കിൽ ഷോൺ ജോർജിന് ഈ പേരുകൾ എവിടെനിന്നാണ് ലഭിച്ചത്? ആ ചെറുപ്പക്കാരൻ കുറച്ചധികം അതിരുവിടുന്നുണ്ട്.
അയാൾ ഉന്നയിക്കുന്ന ചില കാര്യങ്ങളിൽ ശരിയുണ്ടെന്ന് തോന്നിയിട്ടുണ്ടെങ്കിലും പൊതുവെ അയാൾ അതിരുവിടുകയാണ്. ഇത്തരം വിവാദങ്ങൾ പടച്ചുവിട്ട് പൊതുശ്രദ്ധയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. തന്റെ പേര് ആ ലിസ്റ്റിൽ അന്യായമായി തിരുകിക്കയറ്റിയതാണ്; അല്ലാതെ അതിൽ തന്റെ പേര് വരേണ്ട ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയവരുടെ കൂട്ടത്തിൽ ജി. സുധാകരന്റെ പേരും ഉണ്ടെന്ന രേഖകൾ നേരത്തെ ഷോൺ ജോർജ് പരസ്യപ്പെടുത്തിയിരുന്നു.





