കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ പോലീസ് ഉടൻ ചോദ്യം ചെയ്യും. നോട്ടീസ് അയച്ച ശേഷമായിരിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തൃക്കാക്കര എ.സി.പിയുടെ മേൽനോട്ടത്തിലായിരിക്കും മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ നടക്കുക.
ആദ്യം തിരുവനന്തപുരത്തായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കളമശ്ശേരി പോലീസ് പരാതിക്കാരനായ രാജു പി. നായരെ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ സംഘം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. കേസിൽ ആന്റോ അഗസ്റ്റിനെയാണ് ഒന്നാം പ്രതിയായി ചേർത്തിട്ടുള്ളത്. പത്തനംതിട്ടയിൽ നടന്ന ഒരു പൊതുവേദിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചെന്ന വിവരം വാർത്തയായി തനിക്ക് ലഭിച്ചതായി ആന്റോ അഗസ്റ്റിൻ പരസ്യമായി പറഞ്ഞത്. ഇത്തരത്തിലുള്ള വ്യാജ രേഖകളുമായി ആന്റോയെ സമീപിച്ചത് ആരാണെന്നും, ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദ തന്ത്രങ്ങൾ അടങ്ങിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് പോലീസിന് ഇനി കണ്ടെത്താനുള്ളത്.
മുഖ്യമന്ത്രിക്കെതിരായ ഈ ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ തന്റെ പക്കലുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെയാണ് ആന്റോ അഗസ്റ്റിൻ ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിനുപുറമെ, പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിലും ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും നിലവിൽ അന്വേഷണം നേരിടുന്നുണ്ട്.





