തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'ഇ.ഡി, മോദി, വി.ഡി' എന്നൊക്കെ കൂട്ടിച്ചേർത്ത് വിളിക്കുന്നത് കേൾക്കുമ്പോൾ കൗതുകമാണ് തോന്നുന്നത്. ആ ഇടപാടുകൾ നടക്കുമ്പോഴൊന്നും തങ്ങൾ ആരും അവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നും വിഷയത്തിൽ സർക്കാരിന് യാതൊരു തരത്തിലുള്ള എടുത്തുചാട്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ സുപ്രീം കോടതി ഉത്തരവ് ഉൾപ്പെടെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. പരാതി കേരള പോലീസിന് മുന്നിലെത്തിയാൽ അന്വേഷണം നടത്തിയിരിക്കണം എന്നാണ് സുപ്രീം കോടതി വിധിയിൽ നിഷ്കർഷിക്കുന്നത്.
തുടക്കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്നും സുപ്രീം കോടതി വിധിയിലുണ്ട്. അതിനാൽ ഈ അന്വേഷണം നിയമപരമായ ഉത്തരവാദിത്തമാണ്. നിയമപ്രകാരമുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്. ആരെയും ലക്ഷ്യംവെച്ച് വേട്ടയാടാനോ രാഷ്ട്രീയമായി പകപോക്കാനോ ഉള്ള ഉദ്ദേശ്യം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളപ്പിറവിയുടെ 70-ാം വാർഷികം വിപുലമായി കൊണ്ടാടുന്നതിനായി 'ഫെസ്റ്റിവൽ കേരള' എന്ന പേരിൽ സമഗ്രമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വയോജന ക്ഷേമ വകുപ്പിന്റെ പേര് 'മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്' എന്ന് പുനർനാമകരണം ചെയ്തു. റോഡപകടങ്ങൾ തടയുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും; ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെക്കൂടി സംയോജിപ്പിച്ചുകൊണ്ട് കർശന നടപടികളും ബോധവൽക്കരണവും ഊർജ്ജിതമാക്കും. ലോക കേരള സഭ പിരിച്ചുവിടുമെന്നും, പകരം പ്രവാസി സമൂഹത്തിനായി ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





