ഡൽഹി: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ കാറിലെ യാത്രയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. വിഷയത്തിൽ യാതൊരുവിധ ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾ വലിയ ചർച്ചയായ സാഹചര്യത്തിൽ എല്ലാവരും സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയം കഴിഞ്ഞിട്ടും 'പശു ചത്താലും മോരിലെ പുളി പോകില്ല' എന്ന നിലയിലാണ് ചിലർ വീണ്ടും വീണ്ടും ഇത് ചർച്ചയാക്കി മാറ്റുന്നത്. ഇതിലും പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. ഷാജിയുടെ ഔദ്യോഗിക കാർ കേടായതിനെ തുടർന്ന് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് നൽകിയ വേളയിലാണ് മണ്ഡലത്തിലെ അടിയന്തര ആവശ്യങ്ങൾക്കായി ഒരു സുഹൃത്തിന്റെ വാഹനം താൽക്കാലികമായി ഉപയോഗിച്ചത്. നിർഭാഗ്യവശാൽ ആ കാർ അൽപ്പം വിലകൂടിയ മോഡലായിപ്പോയി എന്നത് മാത്രമാണ് ഇതിൽ സംഭവിച്ച കുറ്റം. ഔദ്യോഗിക വാഹനം തിരികെ ലഭിച്ചയുടൻ തന്നെ സുഹൃത്തിന്റെ കാർ മടക്കി നൽകുകയും ചെയ്തിട്ടുണ്ട്. അതോടെ ആ വിഷയം പൂർണ്ണമായി തീർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതു ഖജനാവിന് ഒരു പൈസയുടെ പോലും ബാധ്യതയുണ്ടാക്കിയല്ല മന്ത്രിമാർ യാത്ര നടത്തിയതെന്നും പി.എം.എ. സലാം വ്യക്തമാക്കി. എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും യഥാർത്ഥ വസ്തുത ജനങ്ങൾക്ക് ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടയിൽ പിണറായി വിജയൻ ആശ്രിതരെയും സ്വന്തക്കാരെയും ബന്ധുക്കളെയും ഒപ്പംകൂട്ടി 17 തവണയാണ് വിദേശ യാത്രകൾ നടത്തിയത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത്. ആ ശൈലിയും മാതൃകയും എന്തായാലും തങ്ങൾ അനുകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





