പരിസ്ഥിതി സൗഹൃദ ഗതാഗതരീതികൾ വ്യാപിപ്പിക്കാനും വനിതകൾക്ക് ചിലവുകുറഞ്ഞ സുരക്ഷിത യാത്രാമാർഗ്ഗം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് കോർപ്പറേഷൻ തുടക്കമിട്ട സിറ്റി സൈക്കിൾ പദ്ധതി പൂർണ്ണ പരാജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി എത്തിച്ച സൈക്കിളുകൾ സൂക്ഷിക്കാൻ ഷെഡുകൾ ഒരുക്കാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ ഇവ തുരുമ്പെടുത്തു നശിക്കുകയാണ്. അതേസമയം, ഷെഡുകൾ പണിത വാർഡുകളിൽ എത്തിച്ച സൈക്കിളുകളും ആരും തിരിഞ്ഞുനോക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ വാർഡിലും പ്രത്യേക ഷെഡ്ഡ് പണിത് 12 സൈക്കിളുകൾ വീതം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ആസൂത്രണം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയായിരുന്നു വാടകയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നത്. ആദ്യത്തെ ഒരു മണിക്കൂറിന് 20 രൂപയും, രണ്ട് മണിക്കൂറിന് 30 രൂപയും, മൂന്ന് മണിക്കൂറിന് 40 രൂപയുമായിരുന്നു നിരക്ക്. തുടർന്നുള്ള ഓരോ അധിക മണിക്കൂറിനും 15 രൂപ വീതം ഈടാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. മൊബൈൽ ആപ്ലിക്കേഷനും ജി.പി.എസ് ട്രാക്കിംഗും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റുകളെയായിരുന്നു ഏൽപ്പിച്ചിരുന്നത്.
എന്നാൽ, ആരംഭഘട്ടത്തിൽ ഏതാനും വാർഡുകളിൽ ഷെഡുകൾ സ്ഥാപിക്കുകയും സൈക്കിളുകൾ വിതരണം ചെയ്യുകയും ചെയ്തതൊഴിച്ചാൽ തുടർനടപടികളൊന്നും കാര്യക്ഷമമായി നടന്നില്ല. മറ്റ് വാർഡുകൾക്കായി വാങ്ങിയ സൈക്കിളുകൾ പലയിടത്തും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും വീട്ടുപറമ്പുകളിലുമായി തുരുമ്പെടുത്ത് കിടക്കുകയാണ്. ഷെഡുകൾ നിലവിൽ വന്ന സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ആളുകൾ വാടകയ്‌ക്കെടുക്കാൻ എത്താത്തതോടെ സൈക്കിളുകളെല്ലാം ഉപയോഗശൂന്യമായി. പദ്ധതിയുടെ മേൽനോട്ടം വഹിക്കാനും നിലവിൽ ആരും രംഗത്തില്ലാത്ത അവസ്ഥ
യാണ്.





