തിരുവനന്തപുരം: വ്യാപകമായ അഴിമതിയും ക്രമക്കേടുകളും സ്ഥിരീകരിച്ചതോടെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് ഈ നിർണ്ണായക നടപടി. മോശം ഗുണനിലവാരത്തിലുള്ള പാൽ ശേഖരിച്ചതും നെയ്യ് മോഷണവും ചരക്ക് ശേഖരത്തിലെ വെട്ടിപ്പുമടക്കം നിരവധി ഗുരുതര വിഷയങ്ങളാണ് പുറത്തുവന്നത്. കാസർകോട് ഡയറിയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത പാൽ വാങ്ങിയതുവഴി മിൽമയ്ക്ക് 27,45,000 രൂപയുടെ നഷ്ടമുണ്ടായി. കൂടാതെ മലപ്പുറം ഡയറിയിൽ നിന്ന് നെയ്യ് മോഷണം പോയതിനൊപ്പം 84,45,000 രൂപയുടെ ഉൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം നടത്തിയതായും കണ്ടെത്തി.
രൂപീകരണത്തിന് ശേഷം ഇന്നേവരെ മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിൽ യാതൊരുവിധ ഓഡിറ്റിംഗും നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. മലപ്പുറം ഡയറിയുടെ ഉദ്ഘാടന മാമാങ്കത്തിനായി ഒരു കോടി അമ്പത് ലക്ഷം രൂപ ധൂർത്തടിച്ചതായും ഇതേ കേന്ദ്രത്തിലെ ഉൽപ്പന്ന ശേഖര കണക്കുകളിൽ കൃത്രിമം കാട്ടിയതായും തെളിഞ്ഞു. ഭരണസമിതി നീക്കിയ പശ്ചാത്തലത്തിൽ മലബാർ മിൽമയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി വയനാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചുമതലയേറ്റു.
അതേസമയം, മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ രാഷ്ട്രീയ ഇടപെടലാണ് ഈ പിരിച്ചുവിടലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ അധ്വാനഫലമായ സഹകരണ പ്രസ്ഥാനത്തെ വരുതിയിലാക്കാനുള്ള ഗൂഢ രാഷ്ട്രീയ അജണ്ടയാണിത്. ഇത്തരം ജനാധിപത്യധ്വംസനങ്ങൾക്കെതിരെ പൊതുസമൂഹം പ്രതിഷേധവുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.





