പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്-റേ മാറി നൽകിയതിനെത്തുടർന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിൽ അടിയന്തര നടപടിക്ക് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ സൂപ്രണ്ട് ഡി.എം.ഇക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോളജി, പൾമനറി വിഭാഗങ്ങളിലെ ഡോക്ടർമാരിൽ നിന്ന് സൂപ്രണ്ട് വിശദീകരണം ആവശ്യപ്പെടും. എക്സ്-റേ രോഗിക്ക് കൈമാറിയ ഘട്ടത്തിൽ കൗണ്ടറിലെ ജീവനക്കാരുടെ ഭാഗത്തുനിന്നാണ് പിഴവ് സംഭവിച്ചതെന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ പ്രാഥമിക നിഗമനം. തുടർന്നുള്ള അച്ചടക്ക നടപടികൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തീരുമാനിക്കും.
കോന്നി മെഡിക്കൽ കോളേജിൽ എത്തിയ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിക്ക് 86 വയസ്സുള്ള വയോധികയുടെ എക്സ്-റേ വെച്ച് തെറ്റായ ചികിത്സ നൽകിയെന്നായിരുന്നു ഉയർന്ന ആക്ഷേപം. കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്നത്. തുടർന്ന് ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനക്ക് ശേഷം എക്സ്-റേ കണ്ട് ഡോക്ടർ മരുന്നുകളും കുറിച്ചുനൽകി. എന്നാൽ ഈ മരുന്നുകൾ കഴിച്ചിട്ടും അസുഖം ഭേദമാകാതിരുന്നതിനെത്തുടർന്ന് പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടറുടെ വിശദമായ പരിശോധനയിലാണ് എക്സ്-റേ മാറിയ വിവരം പുറത്തുവന്നത്.
ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. കോന്നിയിൽ നിന്നും കുറിച്ച മരുന്നുകൾ മൂന്ന് ദിവസത്തോളം കഴിച്ചിട്ടും യാതൊരു ആശ്വാസവും ലഭിച്ചില്ലെന്നും, പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റൊരാളുടെ എക്സ്-റേ അടിസ്ഥാനമാക്കിയാണ് ചികിത്സിച്ചതെന്ന് ബോധ്യപ്പെട്ടതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട്, കോന്നി എസ്.എച്ച്.ഒ എന്നിവരോട് വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉത്തരവിട്ടു.





