കണ്ണൂർ: കണ്ണൂർ മാടായി കോളേജിൽ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷവും കയ്യാങ്കളിയും. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കെ.എസ്.യുവിന്റെ കൈവശമിരുന്ന സീറ്റുകൾ എം.എസ്.എഫ് പിടിച്ചെടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ സംഘട്ടനത്തിലേക്ക് നയിച്ചത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മാടായി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയില്ലാതെ ഒറ്റയ്ക്കൊറ്റയ്ക്കാണ് കെ.എസ്.യുവും എം.എസ്.എഫും മത്സരരംഗത്തിറങ്ങിയിരുന്നത്. പൊതുവേ ഇവിടെ ഭൂരിഭാഗം സീറ്റുകളിലും കെ.എസ്.യുവാണ് വിജയിക്കാറുള്ളത്. എന്നാൽ ഈ പ്രാവശ്യം കെ.എസ്.യുവിന്റെ കുത്തക സീറ്റുകൾ എം.എസ്.എഫ് പിടിച്ചെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കാമ്പസിന് മുന്നിൽ ഇരുസംഘങ്ങളും അടുത്തടുത്തായി നിന്ന് ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. ഇതിനിടയിൽ പ്രവർത്തകർ പരസ്പരം അടുക്കുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തതോടെ രംഗം വഷളായി. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികളുടെ മുതിർന്ന നേതാക്കളും പോലീസും ഇടപെട്ടാണ് സ്ഥിതിഗതികൾ താല്ക്കാലികമായി ശാന്തമാക്കിയത്. നേതൃത്വത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തെത്തുടർന്ന് വിദ്യാർത്ഥികൾ പിന്നീട് പിരിഞ്ഞുപോയി.





