തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഖാക്കളെയും അനുഭാവികളെയും പരിഗണിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. കാര്യങ്ങൾ ശരിയാക്കാമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് പ്രയോജനമില്ലെന്നും അത് പ്രവൃത്തിയിൽ കാണിക്കണമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഒരു കാരണവശാലും പരാജയപ്പെടാൻ പാടില്ലാത്തതായിരുന്നു. താഴെത്തട്ടിലുള്ള സഖാക്കൾക്ക് ഭരണനേതൃത്വം അർഹമായ പ്രാധാന്യം നൽകിയിരുന്നോ എന്ന് ചോദിച്ച അദ്ദേഹം, ഇടതുപക്ഷത്തിന്റെ സ്വന്തം ആളുകൾ പോലും ഇക്കുറി വോട്ട് ചെയ്തില്ലെന്നും ഓർമ്മിപ്പിച്ചു.
പാരമ്പര്യ കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിലും എൽ.ഡി.എഫ് സർക്കാരിന് കടുത്ത പിഴവ് പറ്റി. ബാറുകൾക്ക് അനുവദിച്ച ദൂരപരിധി കേവലം 50 മീറ്ററും, കള്ളുഷാപ്പുകൾക്ക് ഇത് 400 മീറ്ററുമാക്കിയത് തികച്ചും അന്യായമായ നടപടിയായിരുന്നു. വിദ്യാലയങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി 400 മീറ്ററിൽ നിന്നും വെട്ടിക്കുറയ്ക്കണമെന്ന് മുന്നണി യോഗങ്ങളിൽ സി.പി.ഐ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ യാതൊരു തീരുമാനവുമെടുത്തില്ല. ബാറുകൾക്ക് ദൂരപരിധി 50 മീറ്ററായി ചുരുക്കിക്കൊടുത്ത സർക്കാർ, ഷാപ്പുകളോട് കടുത്ത വിവേചനവും ഇരട്ടനീതിയുമാണ് കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനം തൊടുത്തുവിട്ടു. ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ ആദർശങ്ങൾക്ക് കടകവിരുദ്ധമായാണ് സതീശന്റെ പോക്ക്. ഇന്നത്തെ സതീശന്റെ പോക്കുകണ്ട് നെഹ്റു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ചൂലെടുത്ത് തല്ലുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ചെയ്യുന്ന തെറ്റുകൾ മൂടിവെക്കാനുള്ള മറയായി നെഹ്റുവിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഭരണക്കാർ തിരിച്ചറിയണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.





