വയനാട്: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി ശേഖരിച്ച വിദേശമദ്യം കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കുമെന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ വ്യക്തമാക്കി. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഇന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും, വീടിന്റെ ഉടമസ്ഥനായ ആന്റോ അഗസ്റ്റിനെതിരെയാണ് നടപടിയെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
നടന്ന പരിശോധനയിൽ 67 ലിറ്ററിലധികം മദ്യശേഖരമാണ് വീട്ടിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഒരാൾക്ക് നിയമപരമായി കൈവശം സൂക്ഷിക്കാവുന്ന അളവിലും വളരെ കൂടുതലാണിത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തും ആന്റോയുടെ വീട്ടിലുമായി 14 മണിക്കൂറോളമാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. കളമശ്ശേരി പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയാക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട കരാർ രേഖകളിൽ കൃത്രിമമായി വിവരങ്ങൾ എഴുതിച്ചേർത്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെടുകയും ഭരണകൂടത്തെയും പൊതുജനങ്ങളെയും വഞ്ചിക്കുകയും ചെയ്തു. അർജന്റീന ടീമുമായി ബന്ധപ്പെട്ട കരാറുകളിൽ നിയമവിരുദ്ധമായ തിരുത്തലുകൾ വരുത്തി അനധികൃത ലാഭമുണ്ടാക്കാനാണ് ഇവർ ശ്രമിച്ചതെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.





