തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. യു.ഡി.എഫ് എന്നാൽ ഇരുട്ടാണെന്നും യഥാർത്ഥത്തിൽ എൽ.ഡി.എഫാണ് വെളിച്ചമെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ യു.ഡി.എഫ് പൂർണ്ണമായും നിശ്ശബ്ദത പാലിക്കുകയാണെന്നും, ജനങ്ങൾക്ക് കൃത്യമായി എപ്പോൾ വൈദ്യുതി ലഭ്യമാകുമെന്ന കാര്യത്തിൽ വകുപ്പ് മന്ത്രിക്ക് യാതൊരു ഉത്തരവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രിയെത്തന്നെ കാണാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
വൈദ്യുതി എന്നത് ഭരണാധികാരികളുടെ ആരുടെയും ദാനമല്ലെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ' എന്ന രീതിയിലാണ് യു.ഡി.എഫിന്റെ സമീപനം. ജീവിക്കാൻ വേണ്ടി ജനങ്ങൾക്ക് സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആരോടും സമരം ചെയ്യണമെന്ന് ആർക്കും നിർബന്ധബുദ്ധിയില്ല. എന്നാൽ തെരുവിലിറങ്ങി സമരം ചെയ്യാൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയത് എൽ.ഡി.എഫ് അല്ലെന്നും മറിച്ച് റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ ഊർജ്ജ ലഭ്യതയിൽ നിലവിൽ 800 മെഗാവാട്ടിന്റെ വലിയ കുറവുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഗ്രിഡ്കോ ഒഡീഷ വഴി 75 മെഗാവാട്ടും എ.സി.ബി.ഐ.എല്ലിൽ നിന്ന് 15 മെഗാവാട്ടും വൈദ്യുതി ലഭ്യമായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഈ അധിക ലഭ്യത മുൻനിർത്തി നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിനും മുൻപേ പവർകട്ട് പിൻവലിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും, ഉപഭോഗം ഉയർന്ന തോതിൽ തുടരുന്നതിനാൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നും വൈകുന്നേരം 6.15 നും അർദ്ധരാത്രി 12.45 നും ഇടയിൽ ഭാഗികമായ ലോഡ്ഷെഡ്ഡിംഗിന് സാധ്യതയുണ്ടെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുന്നോട്ട് വന്നിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി അദ്ദേഹം നടത്തിയ ചർച്ചകളെ തുടർന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ഹിമാചൽ പ്രദേശ് വിട്ടുനൽകാമെന്ന് ധാരണയായി. തമിഴ്‌നാടിന് നേരത്തെ നിശ്ചയിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചാണ് കേരളത്തിന് ഈ വൈദ്യുതി ലഭ്യമാക്കുന്നത്. ഹിമാചൽ ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ഉടൻ ചർച്ചകൾ നടത്തുമെന്നും ഇരു സംസ്ഥാനങ്ങളിലെയും ഊർജ്ജ വകുപ്പ് സെക്രട്ടറിമാർ തമ്മിലുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മഴയുടെ കുറവും കടുത്ത ചൂടും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിലധികം അധിക ആവശ്യകതയാണ് ഈ സെപ്റ്റംബർ മാസത്തിൽ ഉണ്ടായിട്ടുള്ളത്. ഇതാണ് പ്രതിസന്ധി ഇത്രയധികം വഷളാക്കിയത്.





