വയനാട്: ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന വാഗ്ദാനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടി. വയനാട് വാഴവറ്റയിലെ വസതിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.
വൻതോതിൽ മദ്യം സൂക്ഷിച്ച സാഹചര്യത്തിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള സാധ്യതയുണ്ട്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിന്റെ വിവിധ വസതികളിലും റിപ്പോർട്ടർ ടി.വി ആസ്ഥാനത്തും ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധനകൾ അരങ്ങേറിയത്. ഇന്ന് പുലർച്ചെയോടെ കൊച്ചി കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ചാനൽ ഓഫീസിലെത്തിയ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം പരിശോധന തുടർന്നു. സെർച്ച് വാറണ്ടുമായി എത്തിയ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനൽ ഓഫീസിൽ പ്രവേശിച്ചത്. എ.ഡി.ജി.പി പി. വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് ഈ റെയ്ഡുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതേസമയത്ത് തന്നെയാണ് മുഖ്യ സ്പോൺസറായ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടുകളിലും മറ്റ് ഓഫീസുകളിലും മറ്റൊരു പോലീസ് സംഘം സമാന്തരമായി പരിശോധന നടത്തിയത്.
ഇത്തരം റെയ്ഡുകൾ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമല്ലെന്നും പോലീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജി.എസ്.ടി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലുകളിലും കായിക വകുപ്പ് കൈമാറിയ റിപ്പോർട്ടിലും അതീവ ഗുരുതരമായ വിവരങ്ങൾ ഉണ്ടായതിനാലാണ് പരിശോധനയിലേക്ക് നീങ്ങിയത്. ചാനലിന്റെ സംപ്രേക്ഷണത്തിന് തടസ്സമുണ്ടായതായി അറിയില്ലെന്നും, റെയ്ഡ് വിവരങ്ങൾ തത്സമയം ആ ചാനലിൽത്തന്നെയാണ് താൻ കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





