കോഴിക്കോട്: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകാനും കാലഘട്ടത്തിനൊത്ത് കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. തെരഞ്ഞെടുപ്പിൽ ഇത്രയും വലിയ തോൽവി നേരിടേണ്ട തരത്തിലുള്ള തെറ്റുകളൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെങ്കിലും പ്രവർത്തനങ്ങളിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ ജനവിരുദ്ധമായ യാതൊരു നിലപാടുകളും ഉണ്ടായിട്ടില്ല. സാധാരണക്കാരുടെ ജീവിതം ഭദ്രമാക്കുന്നതിന് ഒരു സംസ്ഥാന ഭരണകൂടത്തിന് ചെയ്യാവുന്നതിന്റെ പരമാവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് സാധിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി.
എന്നാൽ എല്ലാവിധ വർഗീയ ശക്തികളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ അണിനിരത്തുന്നതിൽ എതിർകക്ഷികൾ വിജയിച്ചുവെന്ന് കെ.കെ. ശൈലജ പറഞ്ഞു. വൻതോതിൽ പണമുള്ളതിനാൽ വൻകിട മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. എന്നാൽ അത്രയധികം പണമൊഴുക്കാൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും തങ്ങൾ ഇലക്ടറൽ ബോണ്ടുകൾ കൈപ്പറ്റിയിട്ടില്ലെന്നും അവർ എടുത്തുപറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും പ്രചരിപ്പിച്ച കള്ളക്കഥകളെ കൃത്യമായി ചെറുക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഈ തെറ്റായ പ്രചാരണങ്ങളിൽ വീണുപോയ പലരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരുന്നിട്ടുണ്ട്. എന്നാൽ അത്തരം ആളുകളെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി ഒപ്പം നിർത്താനാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇടതുപക്ഷം ഒരിക്കലും തകരാൻ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ വർഗീയ കലാപങ്ങൾ അരങ്ങേറുമെന്നും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നുണപ്രചാരണങ്ങളിൽ വീണുപോകാതെ ജനങ്ങളെയാകെ ഒന്നിച്ചുനിർത്തിയുള്ള പോരാട്ടങ്ങൾക്ക് സി.പി.ഐ.എം ചുക്കാൻ പിടിക്കും. ചൂഷണങ്ങൾക്കെതിരെ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുക മാത്രമാണ് ഏക പോംവഴി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സ്വഭാവം മുറുകെപ്പിടിച്ചുകൊണ്ടും വർഗീയതയ്ക്കെതിരായ നിലപാടുകൾ കൂടുതൽ ശക്തമാക്കിക്കൊണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിപ്രവർത്തിക്കണം. ഇതിനായുള്ള കർമ്മപദ്ധതികളാണ് കഴിഞ്ഞ രണ്ടു ദിവസത്തെ യോഗം വിശദമായി ചർച്ച ചെയ്തത്. ചെറിയ വീഴ്ചകൾ പോലും ചൂണ്ടിക്കാണിച്ച് ശാസിച്ച് തിരുത്താൻ പോളിറ്റ് ബ്യൂറോ അംഗം മുതൽ താഴേത്തട്ടിലുള്ള ബ്രാഞ്ച് അംഗം വരെ എല്ലാവർക്കും ഈ പാർട്ടിയിൽ തുല്യ അവകാശമാണുള്ളത്. വീഴ്ചകൾ പൂർണ്ണമായും തിരുത്തി മുന്നോട്ടുപോകുമെന്നും സി.പി.ഐ.എം ജനങ്ങളുടെ പ്രസ്ഥാനമാണെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.





