കോഴിക്കോട്: പ്രവർത്തകരിലാകെ പുതുജീവൻ നിറച്ചുകൊണ്ടാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കപ്പെട്ടതെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. അതിദാരിദ്ര്യം തുടച്ചുനീക്കൽ, വനിതാ സുരക്ഷാ പെൻഷൻ വിതരണം, എല്ലാ മേഖലകളെയും സ്പർശിച്ച സമഗ്ര മുന്നേറ്റങ്ങൾ എന്നിവയെല്ലാം പിണറായി സർക്കാരിന്റെ കാലത്ത് ഫലപ്രദമായി നടപ്പിലാക്കിയിരുന്നു. ഈ പ്രവർത്തനങ്ങൾ നിലനിൽക്കെത്തന്നെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പരാജയം നേരിടേണ്ടി വന്നതെന്നാണ് പാർട്ടി ആഴത്തിൽ പരിശോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൽ.ഡി.എഫിനെതിരെ ആസൂത്രിതമായി വ്യാജ പൊതുബോധം സൃഷ്ടിച്ചെടുക്കുകയായിരുന്നു. സകല പിന്തിരിപ്പൻ കൂട്ടുകെട്ടുകളെയും ഒന്നിപ്പിച്ചു നിർത്തി അതിശക്തമായ ഇടതുപക്ഷ വിരുദ്ധ നുണപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ആർ.എസ്.എസുമായി ഒത്തുചേർന്നാണ് ഈ നീക്കങ്ങൾ നടന്നത്. സി.പി.ഐ.എം - ബി.ജെ.പി ഡീൽ എന്ന പേരിൽ വ്യാജവാർത്തകൾ ചമയ്ക്കാൻ സംസ്ഥാനത്തെ വലതുപക്ഷ ശക്തികൾ നേതൃത്വം നൽകിയതായി അദ്ദേഹം ആരോപിച്ചു. തലശ്ശേരി കലാപത്തിന് തടയിടുന്നതിൽ പിണറായി വിജയൻ വഹിച്ച ധീരമായ പങ്ക് അദ്ദേഹം ഓർമ്മിപ്പിച്ചു. പിണറായിയുടെ തലയെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവിന്റെ ചരിത്രം മറക്കാനാവില്ല. ആർ.എസ്.എസിന്റെ കൊലക്കത്തിക്ക് എത്രയെത്ര സഖാക്കളാണ് ഇരയായത്. സഖാവ് പി. ജയരാജനെപ്പോലും വധിക്കാൻ ശ്രമം നടന്നു. അത്തരത്തിൽ ആർ.എസ്.എസിനെ ശക്തമായി എതിർത്തതിന്റെ പേരിൽ നിരന്തരം ആക്രമിക്കപ്പെട്ട പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. എന്നിട്ടാണ് ഇവിടെ അവിശുദ്ധ ഡീൽ ആരോപണം ഉയർത്തിക്കൊണ്ടുവന്നത്. സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്താണ് ഈ നുണക്കഥകൾ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ എൽ.ഡി.എഫിനെതിരെ ഇത്തരം അപവാദങ്ങൾ പടച്ചുവിട്ട്, പിന്നാമ്പുറത്തിലൂടെ ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയത് കോൺഗ്രസാണെന്നും എം.എ. ബേബി ആരോപിച്ചു.
എന്നാൽ ഈ കള്ളപ്രചാരണങ്ങൾ മാത്രമല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. സി.പി.ഐ.എമ്മിന്റെ പ്രവർത്തനങ്ങളിലും ചില പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കുപ്രചാരണങ്ങളെയും വ്യാജ പൊതുബോധ നിർമ്മിതികളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് ഫലപ്രദമായ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിൽ പാർട്ടിക്ക് വലിയ ജാഗ്രതക്കുറവുണ്ടായി. കേന്ദ്ര കമ്മിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി തോമസ് ഐസക്കും ടി.പി. രാമകൃഷ്ണനും സ്വമേധയാ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ നോഖ മുനിസിപ്പാലിറ്റിയിൽ സി.പി.ഐ.എം നേടിയ തിളക്കമാർന്ന വിജയവും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. മഹാരാഷ്ട്രയിൽ ഉയർന്ന കർഷക മുന്നേറ്റങ്ങൾ, ജന്തർ മന്തറിലെ പോരാട്ടങ്ങൾ, ബങ്കിപ്പൂരിലെ ബി.ജെ.പിയുടെ പരാജയം എന്നിവയെല്ലാം ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്ത് ബി.ജെ.പിയുടെ പതനത്തിന്റെ തുടക്കമാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്നും വ്യക്തമാക്കി.
പിണറായി വിജയനെതിരായ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങളെ വിമർശനാത്മകമായി അദ്ദേഹം പരാമർശിച്ചു. ഇ.ഡി വെറും വ്യാജ തിരക്കഥകൾ രചിക്കുകയാണെന്നും, ഇതുവഴി ഇടതുപക്ഷ പ്രസ്ഥാനത്തെ തളർത്തിക്കളയാമെന്നാണ് അവരുടെ വ്യാമോഹമെങ്കിൽ അത് നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണകൂടം ആർ.എസ്.എസ് താല്പര്യങ്ങൾക്ക് അനുകൂലമായാണ് നീങ്ങുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേമാതര വിവാദം, പി.എം.ശ്രീ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സാധാരണ ജനങ്ങളുമായുള്ള സമ്പർക്കവും ആത്മബന്ധവും ദൃഢമാക്കുക എന്നതാണ് പാർട്ടി അടിയന്തരമായി നടപ്പിലാക്കേണ്ട പ്രധാന കർമ്മപദ്ധതിയെന്ന് ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താൻ പാർട്ടി തയ്യാറാണ്; സി.പി.ഐ.എം എക്കാലവും ജനങ്ങളുടെ പക്ഷത്തുണ്ടാകും. ഒരു കുടുംബത്തിലെന്നപോലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് പാർട്ടിയെ തിരുത്താനുള്ള പൂർണ്ണമായ അധികാരം അണികൾക്കുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.





