കോഴിക്കോട്: സഹകരണ മേഖലയിൽ സമഗ്രമായ തെറ്റുതിരുത്തൽ നടപടികൾ നടപ്പിലാക്കാൻ സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം. പാർട്ടി നേതാക്കൾ ബാങ്കുകളിൽ നിന്നെടുത്ത വലിയ വായ്പകൾ അടിയന്തരമായി തിരിച്ചടയ്ക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്നുമാണ് സംസ്ഥാന സമിതിയുടെ കർശന നിർദ്ദേശം. ഇതിനുപുറമെ, കുടിശ്ശിക വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ സി.പി.ഐ.എം ഭരണത്തിലുള്ള സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. നേതാക്കളോ പ്രവർത്തകരോ വായ്പകൾ എടുക്കുമ്പോഴും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും അത് മുൻകൂട്ടി പാർട്ടിയെ അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി വ്യവസ്ഥ ചെയ്തു.
കഴിഞ്ഞ ദിവസം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും ഇതേ നിലപാട് പരസ്യമായി വ്യക്തമാക്കിയിരുന്നു. ബാങ്കുകളിൽ നിന്ന് വായ്പകൾ എടുക്കുന്നതിലും അവ കൃത്യമായി തിരിച്ചടയ്ക്കുന്നതിലും സുതാര്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരുവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിൽ പാർട്ടി പ്രതിരോധത്തിലായ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഈ തീരുമാനം അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. നേതൃത്വത്തിൽ തുടങ്ങി താഴേത്തട്ടിലുള്ള പ്രവർത്തകരിലേക്ക് വരെ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും നിലപാടുകളുമാകും പാർട്ടി സ്വീകരിക്കുകയെന്നാണ് വിലയിരുത്തൽ.
സംഘടനാ തലത്തിൽ കൂടുതൽ സ്ത്രീകളെ നേതൃപദവികളിലേക്ക് ഉയർത്താനും വിപുലീകൃത സംസ്ഥാന സമിതിയിൽ നിർദ്ദേശമുയർന്നു. എല്ലാ വർഗ്ഗ-ബഹുജന സംഘടനകളുടെയും യൂണിറ്റ് ഘടകം മുതൽ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരും. സ്വന്തം ഭാഗത്ത് എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ താനും പിണറായി വിജയനും സ്വയം തിരുത്താൻ തയ്യാറാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി യോഗത്തിൽ വ്യക്തമാക്കി. പിണറായിയും തന്റെ രീതികൾ തിരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻകാലങ്ങളിൽ ഇ.എം.എസ്, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. നായനാർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ പോലും പാർട്ടി കർശനമായി തിരുത്തിയിട്ടുണ്ടെന്നും എം.എ. ബേബി ഓർമ്മിപ്പിച്ചു.





