കോഴിക്കോട്: എല്ലാ തലങ്ങളിലുമുള്ള സമഗ്രമായ തെറ്റുതിരുത്തൽ പ്രക്രിയകളിലേക്ക് പാർട്ടി പ്രവേശിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. താനുൾപ്പെടെയുള്ള നേതാക്കൾക്ക് സംഭവിച്ച വീഴ്ചകൾ യോഗത്തിൽ വിശദമായി പരിശോധിക്കപ്പെട്ടുവെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ബഹുജന പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും എം.വി. ഗോവിന്ദൻ പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളെയും ഒറ്റക്കെട്ടായി നിന്ന് പാർട്ടി അതിജീവിക്കും. പ്രസ്ഥാനത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ മുൻപ് പടച്ചുവിട്ട കഥകളെല്ലാം കാറ്റിൽ പറന്നുപോയ അനുഭവം നമുക്ക് മുന്നിലുണ്ട്. നേതാക്കളെയും അണികളെയും മാത്രമല്ല, എസ്.എഫ്.ഐ ഭാരവാഹികളെയും സാധാരണ പ്രവർത്തകരെയും വരെ ഇ.ഡി വേട്ടയാടുകയാണ്. എന്തും ചെയ്യാനുള്ള പരമാധികാരമുണ്ടെന്ന മട്ടിലാണ് അവരുടെ നീക്കങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടനാ തലത്തിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും താഴേത്തട്ടിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും ആറുമാസത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പ്രത്യേക അവലോകനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള ആസൂത്രണത്തിലാകും ഇത് നടപ്പിലാക്കുക. ടി.പി. രാമകൃഷ്ണൻ, ഡോ. ടി.എം. തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയെങ്കിലും അവർ സംസ്ഥാന സെന്ററിന്റെ പ്രവർത്തനങ്ങളിൽ തുടരും. പകരം പി. ജയരാജൻ, എം. ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജോൺ ബ്രിട്ടാസ് സംസ്ഥാന സെന്ററിന്റെ ചുമതലകളിലേക്ക് എത്തുമ്പോൾ സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ആദർശ് എം. സജി, ജെയ്ക് സി. തോമസ്, എം. വിജിൻ, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, സുബൈദ ഇസ്ഹാഖ്, ഒ.എസ്. അംബിക, എൻ. സുകന്യ, പ്രഭാവർമ്മ എന്നിവരെ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി തെരഞ്ഞെടുത്തു. പുതിയ തലമുറയെ മുൻഗണനാടിസ്ഥാനത്തിൽ പരിശീലിപ്പിച്ച് സംഘടനാ രംഗത്ത് കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പാർട്ടി നയിക്കും. ത്രിപുരയിലെ ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കിയ ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം കേരളമാണെന്നാണ് ഭൂരിപക്ഷ വർഗീയവാദികൾ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നേരെയുള്ള പോരാട്ടമായാണ് അവർ കേരളത്തെ കാണുന്നത്. ഭൂരിപക്ഷ വർഗീയതയെയും അതിന് വഴിമരുന്നിടുന്ന ന്യൂനപക്ഷ വർഗീയതയെയും ഒരേപോലെ എതിർത്തു തോൽപ്പിക്കും. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യത വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ പത്ത് കൊല്ലം പവർകട്ടോ ലോഡ്ഷെഡിംഗോ ഇല്ലാതെ മുന്നോട്ടുപോയ നാടാണിത്. എന്നാൽ അധികാരം കിട്ടി മൂന്ന് വർഷം തികയും മുൻപേ പഴയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അതേ പ്രതിസന്ധികൾ ആവർത്തിക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. ജനങ്ങൾ വലിയ ദുരിതത്തിലാണ്. കേന്ദ്ര നയങ്ങൾക്കെതിരെ ചെറുവിരലനക്കാതെ അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ബി.ജെ.പി സർക്കാരിനെപ്പോലെയാണ് യു.ഡി.എഫ് ഭരണകൂടത്തിന്റെ പോക്ക്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കാൻ മൂന്ന് പ്രമേയങ്ങളിലൂടെ പാർട്ടി തീരുമാനമെടുത്തതായും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.





